Kerala Games : 7000 താരങ്ങൾ, 24 മത്സരങ്ങൾ, പത്ത് ദിനങ്ങൾ; കേരള ഗെയിംസിന് മെയ് ഒന്ന് മുതൽ കളമൊരുങ്ങുന്നു

Kerala Games 2022 മെയ് 1 മുതൽ 10 വരെയാണ് കായികമേള നടക്കുക. പ്രഥമ കേരള ഗെയിംസിൽ 24 മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 04:06 PM IST
  • മെയ് 1 മുതൽ 10 വരെയാണ് കായികമേള നടക്കുക. പ്രഥമ കേരള ഗെയിംസിൽ 24 മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
  • കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നതെന്നും
  • ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Kerala Games : 7000 താരങ്ങൾ, 24 മത്സരങ്ങൾ, പത്ത് ദിനങ്ങൾ; കേരള ഗെയിംസിന് മെയ് ഒന്ന് മുതൽ കളമൊരുങ്ങുന്നു

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരള ഗെയിംസ് സംഘടിപ്പിക്കുന്നു. മെയ് 1 മുതൽ 10 വരെയാണ് കായികമേള നടക്കുക. പ്രഥമ കേരള ഗെയിംസിൽ 24 മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നതെന്നും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ, കൊല്ലം ഹോക്കി സ്റ്റേഡിയം, ഐ.ആര്‍.സി സ്റ്റേഡിയം ശംഖുമുഖം, കനകക്കുന്ന് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കും. ഒളിമ്പിക് അസോസിയേഷന്റെ സംഘാടനത്തിൽ ഇന്ത്യയിലാദ്യമായാണ് കേരള ഗെയിംസ് സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എംഎൽഎമാർ ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ വച്ച് ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ രവി ദെഹ്യ, ബജ്റംഗ് പുനിയ, ലോവ്ലിന ബൊര്‍ഗോഹൈന്‍, പി.ആര്‍. ശ്രീജേഷ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കി ആദരിക്കും. 

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും നല്‍കും. ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ലൈഫ് ടൈം സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ബോക്‌സര്‍ മേരി കോമിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങില്‍വച്ച് സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഹരിചരണ്‍ ഗ്രൂപ്പിന്റെ സംഗീത നിശയും ഒരുക്കിയിട്ടുണ്ട്. 

മത്സരങ്ങളുടെ ഭാഗമായി 2022 മെയ് ഒന്നിന് 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണും, 10 കിലോമീറ്റര്‍ ഓട്ട മത്സരവും, മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ മത്സരവും സംഘടിപ്പിക്കും. ഹാഫ് മാരത്തോണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആകെ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. 

ഗെയിംസിന്റെ ഭാഗമായുള്ള കായിക ഫോട്ടോ എക്‌സിബിഷന്‍ ഏപ്രില്‍ 30ന് ആരംഭിക്കും. വെള്ളയമ്പലം എന്‍ജിനിയേഴ്‌സ് ഹാളില്‍ മെയ് പത്ത് വരെയാണ് എക്‌സിബിഷന്‍. ഒളിമ്പിക് അസോസിയേഷനും കേരള മീഡിയ അക്കാഡമിയും, കേരള പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. നഗര ഹൃദയമായ കനകക്കുന്ന് കൊട്ടാരത്തില്‍ കേരള ഗെയിംസ് എക്‌സ്‌പോയും സംഘടിപ്പിക്കും.

ഏപ്രില്‍ 29ന് തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്‍ എക്സ്പോ ഉദ്ഘാടനം ചെയ്യും. റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, മുഹമ്മദ് ഹനീഷ് ഐഎഎസ് എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് നരേഷ് അയ്യര്‍ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും. എക്‌സ്‌പോയുടെ ഭാഗമായി കനകക്കുന്ന് പരിസരത്ത് 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പുഷ്പ്പമേളയും ഒരുക്കുന്നുണ്ട്. മേളയുടെ മാറ്റ് കൂട്ടുന്നതിനായി 12 ദിവസങ്ങളിലും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. 

കേരള ഗെയിംസിന്റെയും എക്സ്പോയുടെയും സമാപന ചടങ്ങ് മെയ് 10ന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ശശി തരൂര്‍ എംപി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ചാരു ഹരിഹരന്റെ മ്യൂസിക്കല്‍ ഷോ അരങ്ങേറും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News