K.L Rahul: വിമർശകരുടെ വായടപ്പിച്ച് കെ.എൽ രാഹുൽ: പ്രതികരണവുമായി ഭാര്യയും!

ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ രാഹുലിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 12:03 PM IST
  • 91 പന്തുകൾ നേരിട്ട രാഹുൽ 75 റൺസുമായി പുറത്താകാതെ നിന്നു.
  • ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു.
  • വെങ്കടേഷ് പ്രസാദ് ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രാഹുലിനെ രൂക്ഷമായാണ് വിമർശിച്ചത്.
K.L Rahul: വിമർശകരുടെ വായടപ്പിച്ച് കെ.എൽ രാഹുൽ: പ്രതികരണവുമായി ഭാര്യയും!

ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ആദ്യ ഏകദിനത്തിൽ കെ.എൽ രാഹുലിൻറെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ ഇന്നിംഗ്സിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുൽ 75 റൺസുമായി പുറത്താകാതെ നിന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 

റൺസ് ഒഴുകുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്. മിച്ചൽ മാർഷിൻറെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം മാത്രമാണ് ഓസീസിന് ആശ്വസിക്കാൻ വക നൽകിയത്. 65 പന്തുകളിൽ 81 റൺസാണ് മാർഷ് നേടിയത്. പിന്നീട് വന്നവരെല്ലാം അതിവേഗം മടങ്ങിയതോടെ ഓസീസ് ഇന്നിംഗ്സ് 188 റൺസിൽ അവസാനിച്ചു. 

READ ALSO: വാരണാസിയിൽ ബിസിസിഐ സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുന്നു; ചിലവ് 300 കോടി

അതിവേഗം വിജയിക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മിച്ചൽ സ്റ്റാർക്ക് തിരിച്ചടിച്ചു. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരെ സ്റ്റാർക്ക് പുറത്താക്കി. ഇഷൻ കിഷൻ മാർക്കസ് സ്റ്റോയിനിസിൻറെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. നാല് മുൻ നിര വിക്കറ്റുകൾ വീണതോടെ ഇന്ത്യ അപകടം മണത്തു. തുടർന്ന് ക്രീസിലെത്തിയ രാഹുൽ ക്ഷമയോടെ നിലയുറപ്പിച്ചു. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിക്കാതെ പക്വതയാർന്ന പ്രകടനമാണ് രാഹുൽ പുറത്തെടുത്തത്. 

രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ മത്സരത്തിലേയ്ക്ക് തിരികെ എത്തിച്ച രാഹുൽ 91 പന്തുകളിൽ നിന്ന് 7 ബൌണ്ടറികളുടെയും ഒരു സിക്സറിൻറെയും അകമ്പടിയോടെയാണ് 75 റൺസ് നേടിയത്. 69 പന്തുകൾ നേരിട്ട ജഡേജ 45 റൺസുമായി രാഹുലിന് മികച്ച പിന്തുണയാണ് നൽകിയത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനം കാരണം ടെസ്റ്റ് ടീമിൽ നിന്ന് രാഹുലിന് സ്ഥാനം നഷ്ടമായിരുന്നു. ഇതോടെ വെങ്കടേഷ് പ്രസാദ് ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ രാഹുലിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ, തകർപ്പൻ പ്രകടനത്തിലൂടെ എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് രാഹുൽ. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by KL Rahul (@klrahul)

 

ബാറ്റ് കൊണ്ട് മാത്രമല്ല, സോഷ്യൽ മീഡിയയിലും രാഹുൽ തൻറെ നിലപാട് വ്യക്തമാക്കി. 'നിങ്ങൾക്ക് പ്രിയപ്പെട്ട എന്തിനും ക്ഷമ ആവശ്യമാണ്' എന്ന് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രാഹുലിൻറെ പോസ്റ്റിന് താഴെ പ്രതികരണവുമായി ഭാര്യ അതിയ ഷെട്ടിയും എത്തി. തനിയ്ക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും പ്രതിരോധ ശേഷിയുള്ള വ്യക്തി എന്നായിരുന്നു അതിയയുടെ പ്രതികരണം. രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരമായ കേദാർ ജാദവും രംഗത്തെത്തി. 'ഇതിനാലാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ലോകാത്തര താരത്തിൽ നിന്ന് മികച്ച ഇന്നിംഗ്സ്' എന്നായിരുന്നു കേദാർ ജാദവിൻറെ വാക്കുകൾ. 

മാർച്ച് 19ന് വിശാഖ പട്ടണത്താണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരം നടക്കുക. മാർച്ച് 22ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ചെന്നൈ വേദിയാകും.  വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന നായകൻ രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News