Lionel Messi: ബാഴ്സയിലേയ്ക്കും സൗദിയിലേയ്ക്കുമില്ല; മെസി ഇന്റർ മയാമിയിലേയ്ക്ക്

Lionel Messi to join Inter Miami: പഴയ തട്ടകമായ ബാഴ്സലോണയിലേയ്ക്ക് മെസി മടങ്ങി എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 01:12 PM IST
  • സൗദി ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ട് വെച്ച വമ്പൻ കരാ‍ർ മെസി നിരസിച്ചു.
  • അവസാന നിമിഷം വരെ ബാഴ്സലോണയുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
  • മെസി തന്റെ കരിയറിൽ ആദ്യമായാകും യൂറോപ്പിന് പുറത്ത് കളിക്കുന്നത്.
Lionel Messi: ബാഴ്സയിലേയ്ക്കും സൗദിയിലേയ്ക്കുമില്ല; മെസി ഇന്റർ മയാമിയിലേയ്ക്ക്

പിഎസ്ജിയുമായി വേർപിരിഞ്ഞതിന് പിന്നാലെ അഭ്യൂ​ഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസി മേജർ ലീ​ഗ് സോക്കർ (എംഎൽഎസ്) ക്ലബ്ബായ ഇൻ്റർ മയാമിയുമായി കരാറിലെത്തി. പഴയ തട്ടകമായ ബാഴ്സലോണയിൽ മെസി മടങ്ങി എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് മെസി അമേരിക്കയിലേയ്ക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. 

സൗദി ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ട് വെച്ച വമ്പൻ കരാ‍ർ മെസി നിരസിച്ചു. ഇതിന് പുറമെ, യൂറോപ്പിൽ നിന്നുള്ള ഒരു പ്രമുഖ ക്ലബ്ബ് തന്നെ സമീപിച്ചിരുന്നതായും മെസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. എന്നാൽ, യൂറോപ്പിൽ കളിക്കുന്നെങ്കിൽ അത് ബാഴ്സലോണയ്ക്ക് ഒപ്പം മാത്രമാണെന്ന നിലപാടിൽ മെസി ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. അവസാന നിമിഷം വരെ ബാഴ്സലോണയുമായി താരം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇൻ്റർ മയാമിയിലേയ്ക്ക് പോകാൻ മെസി തീരുമാനിച്ചത്.  

ALSO READ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേയ്ക്ക്? അൽ നസർ - മുംബൈ സിറ്റി പോരാട്ടം ഉടനെന്ന് സൂചന

ഇൻ്റർ മയാമിയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നതോടെ മെസി തന്റെ കരിയറിൽ ആദ്യമായാകും യൂറോപ്പിന് പുറത്ത് കളിക്കുന്നത്. കാലങ്ങളായി തന്റെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സമാനമായി മെസിയും ഒടുവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലിൽ എത്തുമെന്നും അഭ്യൂ​ഹമുണ്ടായിരുന്നു. റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസേമയും ഇനി സൗദി മണ്ണിലാണ് പന്ത് തട്ടുക. ലീ​ഗ് കിരീടം നേടാനായില്ലെങ്കിലും അൽ-നസറിൽ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും വ്യക്തമാക്കി കഴിഞ്ഞു. 

ഇം​ഗ്ലണ്ടിൻ്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മയാമി. വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഇന്റർ മയാമി ലീ​ഗിലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. ടീമിൻ്റെ മോശം പ്രകടനത്തിന് പിന്നാലെ കോച്ച് ഫിൽ നെവില്ലെയെ അടുത്തിടെ പുറത്താക്കുകയും ചെയ്തിരുന്നു. ആദ്യ മൂന്ന് സീസണുകളിൽ രണ്ടിലും പ്ലേ ഓഫിൽ ഇടം നേടിയത് മാത്രമാണ് ഇന്റർ മയാമിയുടെ നേട്ടമായി ഉയർത്തിക്കാട്ടാൻ സാധിക്കുക. 

ഫുട്‌ബോളിലെ പ്രധാനപ്പെട്ട എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് മെസി യൂറോപ്പിനോട് വിട പറയുന്നത്. ഫുട്‌ബോൾ ചരിത്രത്തിൽ എല്ലാ വർഷവും മികച്ച കളിക്കാരന് നൽകുന്ന ബാലൺ ഡിയോർ പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ താരമാണ് മെസി. ഏഴ് തവണയാണ് മെസി ബാലൺ ഡിയോർ നേടിയത്. 

ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കരിയറിൽ 800ൽ അധികം ഗോളുകൾ മെസി നേടിക്കഴിഞ്ഞു. 17 വർഷത്തിലധികമായി അർജന്റീന ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങുന്ന മെസി രാജ്യത്തിന് വേണ്ടി ഇതുവരെ 102 ഗോളുകളാണ് വലയിലാക്കിയത്. 38 വ്യത്യസ്ത ടീമുകൾക്ക് എതിരെ സ്‌കോർ ചെയ്തിട്ടുണ്ട്. ഇതിൽ 16 എണ്ണവും അമേരിക്കൻ മണ്ണിലാണ് പിറന്നത്. കഴിഞ്ഞ വർഷം നടന്ന ഖത്തർ ലോകകപ്പ് ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയാണ് മെസി അർജന്റീനയെ കിരീടം അണിയിച്ചത്. ടൂർണമെന്റിലെ താരവും മെസിയായിരുന്നു. 

നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മെസിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവും മെസിയാണ്. 140 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോ ഒന്നാമതും 129 ഗോളുകളുമായി മെസി രണ്ടാം സ്ഥാനത്തുമാണ്. 10 ലാ ലീഗ കിരീടങ്ങൾ, 2 ലീഗ് വൺ കിരീടങ്ങൾ, 7 കോപ്പ ഡെൽറെ കിരീടങ്ങൾ, 3 ക്ലബ്ബ് ലോകകപ്പുകൾ, ഒരു കോപ്പ അമേരിക്ക കിരീടം, അർജന്റീനയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് ഗോൾഡ് മെഡൽ...അങ്ങനെ പോകുന്നു മെസിയുടെ അവിശ്വസനീയമായ നേട്ടങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News