സ്വവര്‍ഗാനുരാഗികളോട് കത്തോലിക്കാ സഭയും ക്രിസ്ത്യാനികളും മുന്‍കാലങ്ങളില്‍ ചെയ്ത പാപങ്ങള്‍ക്ക് ക്ഷമ ചേദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അര്‍മേനിയ സന്ദര്‍ശനത്തിനു ശേഷം റോമിലേക്കുള്ള യാത്ര മധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.സ്വവര്‍ഗാനുരാഗികളോട് സഭ മാപ്പുചോദിക്കണമെന്ന് അടുത്തകാലത്ത് ഒരു ജര്‍മന്‍ റോമന്‍ കാത്തലിക് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മാര്‍പാപ്പയുടെ ഈ മറുപടി.
സ്വവര്‍ഗാനുരാഗികളോട് വിവേചനം പാടില്ലെന്നും അവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗാനുരാഗം പാപമെന്നല്ല സഭ പഠിപ്പിക്കുന്നത്. സ്വവര്‍ഗാനുരാഗിയായ ഒരാള്‍ ദൈവവിശ്വാസവും നന്മയുമുള്ള ആളാണെങ്കില്‍ അയാളെ വിലയിരുത്താന്‍ നമ്മള്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. സ്വവര്‍ഗാനുരാഗികളോട് മാത്രമല്ല പാവങ്ങളോടും, പാര്‍ശ്വവത്കരിച്ച സ്ത്രീകള്‍, ദരിദ്രര്‍, നിര്‍ബന്ധിത തൊഴിലിന് വിധിക്കപ്പെട്ട കുട്ടികള്‍ എന്നിവരോടും സഭ മാപ്പുചോദിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.