ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ചൈനീസ് നഗരമായ ഷാങ്ഹായിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു. മാർച്ച് ആദ്യവാരം മുതൽ തന്നെ ഷാങ്ഹായിൽ കോവിഡ് വ്യാപനം ആരംഭിച്ചിരുന്നു. കോവിഡ് കാലത്തിനിടയിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഷാങ്ഹായ് നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. അതേസമയം, ഷാങ്ഹായിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സമ്പദ് വ്യവസ്ഥയെ ആകെ ബാധിച്ചേക്കുമെന്ന ആശങ്ക ഉള്ളതിനാലാണ് സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയിരിക്കുന്നത്.
ഷാങ്ഹായ് നഗരത്തിൽ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ആളുകൾ പുറത്തിറങ്ങരുതെന്നും ഓഫീസുകൾ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്. ചൈനയിൽ പുതുതായി 4,500 പേർക്ക് സമ്പർക്കം വഴി കോവിഡ് ബാധിച്ചത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളുള്ള ദിവസങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങളും സർവീസ് നടത്തില്ല. നിയന്ത്രണങ്ങളിൽ വിമാന-ട്രെയിൻ സർവീസുകളെ സംബന്ധിച്ച് പരാമർശിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...