രക്തത്തെക്കാൾ ഹൃദയം കൊണ്ട് ഒന്നായ ബന്ധം! അതാണ് സൗഹൃദം. സന്തോഷത്തിലും സന്താപത്തിലും കൂടെയുണ്ടാവുന്ന സൗഹൃദ ബന്ധത്തെ ആഘോഷിക്കുകയാണ് ഇന്ന് ലോകം. നല്ല സൗഹൃദങ്ങൾ നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു. ബാല ഗംഗാധര തിലക്- മുഹമ്മദ് അലി ജിന്ന, ഹെലൻ കെല്ലർ- മാർക് ട്വയിൻ തുടങ്ങി ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട സൗഹൃദങ്ങൾ അനേകമാണ്.
1930 ൽ ഹാൾമാർക്ക് കാർഡിന്റെ സ്ഥാപകനായ ജോയ്‌സ് ഹാൾ ആണ് ആദ്യമായി സൗഹൃദ ദിനമെന്ന് ആശയം മുന്നോട്ട് വയ്ക്കുന്നത്. പിന്നീട് ഈ ആശയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു. തുടർന്ന് 1958ൽ ഡോ. റാമോൺ ആർട്ടെമിയോ ബ്രാച്ചോ ആഗോള സൗഹൃദ ദിനം എന്ന ആശയം നിർദ്ദേശിക്കുകയും 2011ൽ ഐക്യരാഷ്ട്രസഭ ജൂലൈ 30 സൗഹൃദദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ ഇത് ആഘോഷിച്ചിരുന്നത് ഓഗസ്റ്റ് മാസത്തിലായിരുന്നു.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെങ്കിലും സൗഹൃദ ദിനം ആഘോഷിക്കാൻ ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ നിർബന്ധമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പുരാതന അമേരിക്കയിൽ ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ ഇന്ന് പല വർണ്ണങ്ങളിലും രൂപത്തിലും വിപണിയിലുണ്ട്. സൗഹൃദ ദിനത്തിൽ ഇവ പരസ്പരം കൈമാറുന്നതിലൂടെ കൂട്ടുകാർ തങ്ങളുടെ ബന്ധത്തെ കൂട്ടിയുറപ്പിക്കുന്നു.
Read Also: മഴയിൽ മുങ്ങി തൃശൂർ; മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 2 മരണം
ഓരോ വ്യക്തികളും രാജ്യങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സൗഹൃദം, സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്നും വിവിധ സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളായി ഇവ മാറുമെന്ന ചിന്തയുമായിരുന്നു ഇതിന് പിന്നിൽ. ഈ ദിനം വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ യുഎൻ സർക്കാരുകളെയും, അന്താരാഷ്ട്ര സംഘടനകളെയും, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യതയും പരസ്പര സഹകരണവും ഉയർത്താനാകുമെന്ന് കരുതുന്നു. യുദ്ധങ്ങളാലും വിദ്വേഷങ്ങളാലും കലഹിക്കുന്ന ലോകരാഷ്ട്രങ്ങളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ട്.
ദാരിദ്ര്യം, മനുഷവകാശ ലംഘനം, വികസനമില്ലായ്മ, അരക്ഷിതത്വം തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. നല്ലൊരു നാളേയ്ക്ക് വിലങ്ങുതടിയാകുന്ന ഇത്തരം തടസ്സങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഇത്തരം ദിനങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. പരസ്പര വിശ്വാസവും സ്‌നേഹവും ഇതിന് അനിവാര്യമാണ്. വർണ്ണ വർഗ്ഗ ഭാഷ ദേശ വ്യത്യസമില്ലാതെ സൗഹൃദമെന്ന ഒറ്റ നൂലിൽ നമുക്ക് ജീവിതം കോർക്കാം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy