ക്വാലാലംപൂർ: മലേഷ്യയിലെ തലസ്ഥാനമായ ക്വാലാലംപൂരിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. അമ്പതിലധികം പേരെ കാണാതായി. ക്വാലാലംപൂരിലെ പ്രാന്തപ്രദേശത്തുള്ള ക്യാമ്പ് സൈറ്റിലാണ് വെള്ളിയാഴ്ച പുലർച്ചെ മണ്ണിടിച്ചിലുണ്ടായത്. സെർച്ച് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ക്വാലാലംപൂരിലെ സെലാംഗൂർ സംസ്ഥാനത്ത് പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിക്കാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിന്റെ വശത്ത് ക്യാമ്പിങ് സൗകര്യമൊരുക്കുന്ന ഫാം ഹൗസ് മണ്ണിടിച്ചിലിൽ പൂർണമായി നശിച്ചതായി സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
മണ്ണിടിച്ചിലിൽ 79 പേർ കുടുങ്ങിയതായും 23 പേരെ രക്ഷിച്ചതായും അധികൃതർ വ്യക്തമാക്കി. രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും 51 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഏകദേശം 30 മീറ്റർ (98 അടി) ഉയരത്തിൽ നിന്നാണ് മണ്ണിടിഞ്ഞ് വീണതെന്നും ഏകദേശം ഒരു ഏക്കർ (0.4 ഹെക്ടർ) വിസ്തൃതിയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്നും സെലാംഗൂർ ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് മേധാവി നോറസാം ഖാമിസ് പറഞ്ഞു.
തീം പാർക്കുകളും മലേഷ്യയിലെ കാസിനോയും ഉള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ജെന്റിംഗ് ഹൈലാൻഡ്സ് ഹിൽ റിസോർട്ടിന് സമീപത്തെ ഒരു ഓർഗാനിക് ഫാമിലാണ് ക്യാമ്പ് സൈറ്റ് സ്ഥിതി ചെയ്യുന്നത്. ഫാം ഹൗസിൽ മൂന്ന് ക്യാമ്പിങ് സൈറ്റുകളുണ്ട്, ആളുകൾക്ക് സ്വന്തമായി ടെന്റുകളും ഉപകരണങ്ങളും കൊണ്ടുവരികയോ അല്ലെങ്കിൽ ഫാമിൽ നിന്ന് വാടകയ്‌ക്ക് എടുക്കുകയോ ചെയ്യാവുന്ന സൗകര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...