മങ്കിപോക്സ് കേസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലയി തോതിൽ പടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ മൂന്ന് കേസുകളും ഡൽഹിയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. കേരളത്തിൽ മങ്കിപോക്സ് ബാധിച്ചവരിൽ ഒരാൾ പൂർണമായും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ മറ്റ് രണ്ട് പേരും ഡൽഹിയിലെ ഒരാളും ചികിത്സയിൽ തുടരുകയാണ്. തൃശൂരിൽ ശനിയാഴ്ച മരിച്ച ഇരുപത്തിരണ്ടുകാരന് മങ്കിപോക്സ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, സ്പെയിനിൽ ആദ്യത്തെ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തു.
ലോകാരോഗ്യ സംഘടന മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്‌പെയിനിൽ രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നാഷണൽ എപ്പിഡെമിയോളജിക്കൽ സർവൈലൻസ് നെറ്റ്‌വർക്ക് ശേഖരിച്ച കണക്കുകൾ പ്രകാരം സ്പെയിനിൽ ഇതുവരെ 4,298 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 120 പേരെ ലക്ഷണങ്ങളോടെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ കേസുകളിൽ 64 പേർ സ്ത്രീകളാണ്.
ALSO READ: Monkeypox: തൃശൂരിൽ മരിച്ച 22കാരന് മങ്കിപോക്സെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയച്ചു
കണക്കുകൾ അനുസരിച്ച്, 2,253 കുരങ്ങുപനി കേസുകൾ, അതായത് 82.1 ശതമാനം അണുബാധകളും ലൈംഗിക ബന്ധത്തിലൂടെ പകർന്നതാണ്. അതേസമയം 10.5 ശതമാനം അണുബാധകൾ ലൈംഗികേതര ബന്ധത്തിലൂടെയാണ്. എന്നാൽ ഇവർ രോഗികളുമായി അടുത്ത സമ്പർക്കത്തിൽ ഉണ്ടായിരുന്നവരാണ്. സ്പെയിനിൽ വൈറസ് ബാധിച്ചവരിൽ 10 മാസം പ്രായമുള്ള കുഞ്ഞ് മുതൽ 88 വയസ്സുള്ളയാൾ വരെ ഉൾപ്പെടുന്നു. സ്പെയിനിലെ 17 സ്വയംഭരണ പ്രദേശങ്ങളിലും മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഭൂരിഭാഗവും കമ്മ്യൂണിറ്റി ഓഫ് മാഡ്രിഡിൽ നിന്നുള്ളവരാണ് (1,656), 1,406 പേർ കാറ്റലോണിയയിൽ നിന്നും 498 പേർ അൻഡലൂഷ്യയുടെ തെക്കൻ മേഖലയിൽ നിന്നും ഉള്ളവരാണ്.
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.
ALSO READ: Monkeypox: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ യൂറോപ്പിലെ കേസുകളിൽ നിന്ന് വ്യത്യസ്തമെന്ന് ഐസിഎംആർ
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...