മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിച്ച് ചരിത്രം സൃഷ്ടിച്ച യുഎസിന്റെ നേതൃത്വത്തിൽ പുതിയ ദൗത്യം അണിയറയിൽ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമായി പുതിയ റോക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ് നാസ. വരുംകാലത്തെ ചാന്ദ്രപര്യവേഷണത്തിന് ആവശ്യമായ സംവിധാനങ്ങൾ എത്തിക്കുന്നതിന് കരുത്തുറ്റ റോക്കറ്റാണ് നാസയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. പുതിയ റോക്കറ്റ് കെനഡി സ്പെയ്സ് സെന്ററിൽ നടന്ന ചടങ്ങിൽ നാസ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
എസ്എൽഎസ് ബ്ലോക്ക്-1 എന്ന കരുത്തൻ
സ്പെയ്സ് ലോഞ്ച് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് എസ്എൽഎസ്. 100 മീറ്ററിൽ അധികം നീളമുള്ള ഈ റോക്കറ്റ് മുൻപ് ചന്ദ്രനിൽ മനുഷ്യരെ പല തവണ എത്തിച്ച സാറ്റേൺ-5 റോക്കറ്റിനെക്കാളും കരുത്തനാണ്. 1960കളിലും എഴുപതുകളുടെ തുടക്കത്തിലും മനുഷ്യരെ നിരവധി തവണ ചന്ദ്രനിൽ എത്തിക്കാൻ നാസ ഉപയോഗിച്ചത് സാറ്റേൺ-5 റോക്കറ്റാണ്. സാറ്റേൺ-5 റോക്കറ്റിന് മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാൻ സാധിച്ചെങ്കിലും അവർക്ക് കുറച്ചു ദിവസങ്ങൾ അവിടെ തുടരാൻ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ SLS റോക്കറ്റ് മനുഷ്യരെ ചന്ദ്രനിൽ എത്തിക്കുന്നതിനൊപ്പം തന്നെ അവർക്ക് ദിവസങ്ങളോളം അവിടെ തങ്ങാൻ ആവശ്യമായ സാധനങ്ങൾ കൂടി എത്തിക്കാൻ സാധിക്കും.
എന്താണ് നാസുയുടെ പുതിയ പദ്ധതി ലക്ഷ്യംവയ്ക്കുന്നത്
മനുഷ്യരെ ചന്ദ്രനിൽ എത്തിക്കുന്നതിനൊപ്പം കുറച്ചു ദിവസങ്ങൾ അവരെ അവിടെ തുടരാൻ കൂടി പ്രാപ്തരാക്കുന്നതാണ് നാസയുടെ പുതിയ പദ്ധതി. ചന്ദ്രനിൽ എത്തി അവിടെ മനുഷ്യർക്ക് തങ്ങാൻ സാധിക്കുന്ന ഒരു ബേസായി ചന്ദ്രനെ മാറ്റുകയെന്നതാണ് നാസ ലക്ഷ്യം വെയ്ക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണത്തെക്കാളും കുറവാണ് ചന്ദ്രന്റെ ഗുരത്വാകർഷണം. ഇതിനാൽ ഭൂമിയിൽ നിന്ന് ഒരു റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ പകുതി ഊർജ്ജം മതി ചന്ദ്രനിൽ നിന്ന് വിക്ഷേപിക്കാൻ. റോക്കറ്റിന് ആവശ്യമായ ഇന്ധനം ചന്ദ്രന്റെ ഉപരിതലത്തിലുള്ള ധാതുക്കളിൽ നിന്ന് വേർത്തിരിച്ച് എടുക്കാനും നാസയ്ക്ക് പദ്ധതിയുണ്ട്. ഭൂമിയിൽ വളരെ വിരളമായുള്ള പല മൂലകങ്ങളും ചന്ദ്രനിൽ സുലഭമായുണ്ട്.
SLS റോക്കറ്റ് ഉപയോഗിച്ച് മനുഷ്യരില്ലാത്ത ഒരു പേടകത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ ചന്ദ്രനിലേക്ക് വിക്ഷേപിക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. ചന്ദ്രന് ചുറ്റും വലംവച്ച് പരീക്ഷണങ്ങൾ നടത്താനാണ് നാസ ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തന്നെ മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനാണ് നാസ പദ്ധതിയിടുന്നത്. അതിന് കരുത്ത് പകരുന്നതാണ് ഇപ്പോഴത്തെ SLS റോക്കറ്റ്. 1,18,000 കിലോയാണ് SLS റോക്കറ്റിന്റെ പരമാവധി പേ ലോഡ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.