അഫ്ഗാന്‍ പെണ്‍കുട്ടി ഷർബത്​ ഗുലയ്ക്ക് ജാമ്യം നിഷേധിച്ചു

നാഷണല്‍ ജോഗ്രഫിക്‌സിന്‍റെ മുഖചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലയ്ക്ക് ജാമ്യം നിഷേധിച്ചു.  കേസ് പരിഗണിച്ച പാകിസ്ഥാന്‍ പ്രത്യേക കോടതിയില്‍ ഗുലയോട് കുറ്റത്തിന് ക്ഷമാപണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതായി ഗുലയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഷര്‍ബത് ഗുലയെ പെഷവാര്‍ സെന്‍ട്രല്‍ ജയിലില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍റില്‍ വിട്ടു. 

Last Updated : Nov 2, 2016, 05:02 PM IST
അഫ്ഗാന്‍ പെണ്‍കുട്ടി ഷർബത്​ ഗുലയ്ക്ക് ജാമ്യം നിഷേധിച്ചു

ഇസ്ലാമാബാദ്: നാഷണല്‍ ജോഗ്രഫിക്‌സിന്‍റെ മുഖചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലയ്ക്ക് ജാമ്യം നിഷേധിച്ചു.  കേസ് പരിഗണിച്ച പാകിസ്ഥാന്‍ പ്രത്യേക കോടതിയില്‍ ഗുലയോട് കുറ്റത്തിന് ക്ഷമാപണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതായി ഗുലയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഷര്‍ബത് ഗുലയെ പെഷവാര്‍ സെന്‍ട്രല്‍ ജയിലില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍റില്‍ വിട്ടു. 

ഒക്ടോബര്‍ 26നാണ് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഗുലയെ പെഷവാറിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലാകുമ്പോള്‍ ഷർബത്തിന്‍റെ വീട്ടില്‍ നിന്നും അഫ്ഗാന്‍ ഐ.ഡി കാര്‍ഡും പാക് ഐ.ഡി കാര്‍ഡും പൊലിസ് പിടിച്ചെടുത്തിരുന്നു.  ഇവര്‍ ഇത് ക്രിത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു. ഗുലയ്ക്ക്  പാക് പൗരത്വം നല്‍കിയ മൂന്ന് നാദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെയും എഫ്.എ.ഐ അന്വേഷണം നടത്തുന്നുണ്ട്. ഏഴു മുതല്‍ 14 വര്‍ഷം വരെ ജയില്‍ വാസം ലഭിക്കാവുന്ന കുറ്റമാണിത്. 

2014 ഏപ്രിലില്‍ ഷര്‍ബത് ഗുല ഷര്‍ബത് ബീബി എന്ന പേര് ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിച്ചു എന്ന കുറ്റത്തിനാണ് ഗുല പിടിയിലായത്. കമ്പ്യൂട്ടർവത്കൃത സംവിധാനം ഉപയോഗിച്ച് പാക് ഐഡന്റിറ്റി കാർഡിന് ശ്രമിച്ച് പിടിയിലാകുന്ന ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളിൽ ഒരാളാണ് ഗുല. 

1984ല്‍ പെഷവാറിലെ ദുരിതാശ്വാസക്യാമ്പില്‍ വച്ച് നാഷനൽ ജ്യോഗ്രഫിക് ഫൊട്ടോഗ്രഫർ സ്റ്റീവ് മക്‌കറിയാണ് ഷാർബദ് ബീബിയുടെ പ്രശസ്തമായ ചിത്രം പകർത്തിയത്. 1985ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ കവറിലൂടെയാണ് ഷര്‍ബത് ആദ്യമായി ലോകശ്രദ്ധയില്‍ പെടുന്നത്. അന്ന് പന്ത്രണ്ട് വയസ്സ് ആയിരുന്നു പ്രായം. 

‘തിളങ്ങുന്ന കണ്ണുള്ള അഫ്ഗാൻ പെൺകുട്ടി’ എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാൽ അതു തിളങ്ങുന്ന കണ്ണുകളല്ലെന്നും ദാരിദ്ര്യവും പീഡനങ്ങളും തുടർക്കഥയായ അഫ്ഗാൻ ജനതയുടെ രോഷമാണ് ആ പെൺകുട്ടിയുടെ കണ്ണുകളിലൂടെ ലോകം കണ്ടതെന്നും മറ്റും വ്യാഖ്യാനങ്ങളുമുണ്ടായി.

2002ലും ഇതേ ചിത്രം മാസികയുടെ കവറില്‍ ഇടം പറ്റിയിരുന്നു. പിന്നീട് ചിത്രത്തിന്‍റെ സ്വീകാര്യതയോടെ ബീബീയുടെ ജീവിതം പ്രമേയമാക്കി ‘മൊണലീസ ഇന്‍ അഫ്ഗാന്‍ വാര്‍’ എന്ന ഡോക്യുമെന്ററിയും നാഷണല്‍ ജോഗ്രഫിക് ചാനല്‍ ചെയ്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് അനധീക്രതമായി നിര്‍മ്മിച്ചുവെന്ന കുറ്റത്തിലാണ് ബീബീയുടെ അറസ്റ്റ്.

 

Trending News