ഇസ്ലാമാബാദ്: നാഷണല്‍ ജോഗ്രഫിക്‌സിന്റെ മുഖചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ അഫ്ഗാന്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പെഷവാറില്‍ നിന്നും പാകിസ്താന്‍റെ അന്വേഷണേജന്‍സിയായ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലാകുമ്പോള്‍ ഷർബത്തിന്‍റെ വീട്ടില്‍ നിന്നും അഫ്ഗാന്‍ ഐ.ഡി കാര്‍ഡും പാക് ഐ.ഡി കാര്‍ഡും പൊലിസ് പിടിച്ചെടുത്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇവര്‍ ക്രിത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി.
1984ല്‍ പെഷവാറിലെ ദുരിതാശ്വാസക്യാമ്പില്‍ വച്ച് നാഷനൽ ജ്യോഗ്രഫിക് ഫൊട്ടോഗ്രഫർ സ്റ്റീവ് മക്‌കറിയാണ് ഷാർബദ് ബീബിയുടെ പ്രശസ്തമായ ചിത്രം പകർത്തിയത്. 1985ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ കവറിലൂടെയാണ് ഷര്‍ബത് ആദ്യമായി ലോകശ്രദ്ധയില്‍ പെടുന്നത്. അന്ന് പന്ത്രണ്ട് വയസ്സ് ആയിരുന്നു പ്രായം.
‘തിളങ്ങുന്ന കണ്ണുള്ള അഫ്ഗാൻ പെൺകുട്ടി’ എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാൽ അതു തിളങ്ങുന്ന കണ്ണുകളല്ലെന്നും ദാരിദ്ര്യവും പീഡനങ്ങളും തുടർക്കഥയായ അഫ്ഗാൻ ജനതയുടെ രോഷമാണ് ആ പെൺകുട്ടിയുടെ കണ്ണുകളിലൂടെ ലോകം കണ്ടതെന്നും മറ്റും വ്യാഖ്യാനങ്ങളുമുണ്ടായി.
2002ലും ഇതേ ചിത്രം മാസികയുടെ കവറില്‍ ഇടം പറ്റിയിരുന്നു. പിന്നീട് ചിത്രത്തിന്‍റെ സ്വീകാര്യതയോടെ ബീബീയുടെ ജീവിതം പ്രമേയമാക്കി ‘മൊണലീസ ഇന്‍ അഫ്ഗാന്‍ വാര്‍’ എന്ന ഡോക്യുമെന്ററിയും നാഷണല്‍ ജോഗ്രഫിക് ചാനല്‍ ചെയ്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് അനധീക്രതമായി നിര്‍മ്മിച്ചുവെന്ന കുറ്റത്തിലാണ് ബീബീയുടെ അറസ്റ്റ്.