അഭയം തേടുന്ന യുക്രൈൻ ജനത, തുറന്ന കൈകളോടെ' സ്വാഗതം ചെയ്ത് അയല്‍രാജ്യങ്ങള്‍

പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ഡോവ തുടങ്ങി യുക്രൈന്റെ പടിഞ്ഞാറന്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂടുതലായും എത്തുന്നത്. പോളണ്ട് മാത്രം ഇതുവരെ അഞ്ചുലക്ഷത്തിലേറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 05:07 PM IST
  • അഭയാര്‍ത്ഥികള്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് രേഖകള്‍ ആവശ്യമില്ല.
  • അഭയാര്‍ത്ഥി പദവി ലഭിക്കുന്നതിന് അവര്‍ യുക്രേനിയേന്‍ പൗരന്മാരോ വിദേശ വിദ്യാര്‍ത്ഥികളെപ്പോലെ യുക്രൈനിൽ നിയമപരമായി താമസിക്കുന്നവരോ ആയിരിക്കണം.
  • അഭയാര്‍ത്ഥികള്‍ക്കുള്ള സാധാരണ നിയമങ്ങള്‍ എടുത്തുകളഞ്ഞ് യൂറോപ്യന്‍ യൂണിയനില്‍ അവര്‍ക്ക് ആവശ്യമുള്ളിടത്ത് സ്ഥിരതാമസമാക്കാന്‍ അനുവദിക്കുന്നുമുണ്ട്.
അഭയം തേടുന്ന യുക്രൈൻ ജനത, തുറന്ന കൈകളോടെ' സ്വാഗതം ചെയ്ത് അയല്‍രാജ്യങ്ങള്‍

റഷ്യന്‍ അധിനിവേശത്തില്‍ അടിമുടി ആടിയുലഞ്ഞിരിക്കുകയാണ് യുക്രൈൻ. പ്രാണരക്ഷാര്‍ഥം അതിര്‍ത്തി കടന്ന് അഭയാര്‍ഥികളാകുന്ന യുക്രൈനികളുടെ എണ്ണവും കൂടിവരുന്നു. ജനിച്ച നാടും വീടും ബന്ധങ്ങളും സ്വപ്‌നങ്ങളുമെല്ലാം വിട്ടുള്ള ഈ പലായന കഥകള്‍ നമുക്ക് കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍ ദുരന്തത്തിന്റെ ആഴം എത്രയെന്നറിയാന്‍ ചില കണക്കുകള്‍ നോക്കാം. 

യുഎന്‍ കണക്കുകള്‍ പ്രകാരം വെറും ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് എല്ലാം ഉപേക്ഷിച്ച് യുക്രൈന്‍ വിട്ടത്. റഷ്യന്‍ അധിനിവേശം രൂക്ഷമായതോടെ 40 ലക്ഷം ആളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രവചനം. നിയമങ്ങളില്‍ ഇളവ് വരുത്തി അഭയാര്‍ത്ഥികളെ 'തുറന്ന കൈകളോടെ' സ്വാഗതം ചെയ്യുകയാണ് അയല്‍രാജ്യങ്ങള്‍. 

പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ഡോവ തുടങ്ങി യുക്രൈന്റെ പടിഞ്ഞാറന്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂടുതലായും എത്തുന്നത്. പോളണ്ട് മാത്രം ഇതുവരെ അഞ്ചുലക്ഷത്തിലേറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും അരലക്ഷം പേർ എത്തുന്നുണ്ടെന്നാണ് പോളിഷ് സര്‍ക്കാര്‍ പറയുന്നത്. സമീപ വര്‍ഷങ്ങളില്‍ ഒരു ദശലക്ഷത്തിലധികം യുക്രൈനിയക്കാർ പോളണ്ടില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും റഷ്യ ക്രിമിയ പിടിച്ചടക്കിയ 2014 മുതല്‍.

 

ഹംഗറിയിലേക്ക് 1,16,348 പേർ, മോള്‍ഡോവയില്‍ 79,315 പേരും, 67,000 പേർ സ്ലൊവാക്യയിലേക്കും, റൊമാനിയയിലേക്ക് 44,450 പേരും, റഷ്യ 42,900, ബെലാറസ് 341 പേർ എന്നിങ്ങനെയാണ് അഭയാര്‍ത്ഥികളുടെ കണക്ക്. 69,600 പേര്‍ ഈ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലെ മറ്റു സ്ഥലങ്ങളിലേക്ക് മാറി.

അഭയാര്‍ത്ഥികള്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് രേഖകള്‍ ആവശ്യമില്ല. അഭയാര്‍ത്ഥി പദവി ലഭിക്കുന്നതിന് അവര്‍ യുക്രേനിയേന്‍ പൗരന്മാരോ വിദേശ വിദ്യാര്‍ത്ഥികളെപ്പോലെ യുക്രൈനിൽ നിയമപരമായി താമസിക്കുന്നവരോ ആയിരിക്കണം. അഭയാര്‍ത്ഥികള്‍ക്കുള്ള സാധാരണ നിയമങ്ങള്‍ എടുത്തുകളഞ്ഞ് യൂറോപ്യന്‍ യൂണിയനില്‍ അവര്‍ക്ക് ആവശ്യമുള്ളിടത്ത് സ്ഥിരതാമസമാക്കാന്‍ അനുവദിക്കുന്നുമുണ്ട്.

അതിജീവന വഴികള്‍ പലതും താണ്ടി  അതിര്‍ത്തികളിലേക്ക് എത്തുന്ന യുക്രൈനികളെ കാത്തിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധികളാണ്. പോളണ്ടിലേക്കുള്ള അതിര്‍ത്തി പോയിന്റുകളും തണുത്ത കാലാവസ്ഥയും 15 കിലോമീറ്റര്‍ വരെ നീളമുള്ള ക്യൂവും ഇവർക്ക് പ്രതിസന്ധിയാണ്. നിരവധി ആളുകള്‍ 60 മണിക്കൂര്‍ വരെ കാത്തിരിക്കുന്നു. റൊമാനിയയിലേക്ക് പ്രവേശിക്കുന്നവര്‍ 20 മണിക്കൂര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരുന്നു. പലര്‍ക്കും യുക്രേനിയന്‍ നഗരങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ കയറാനും കഴിഞ്ഞിട്ടില്ല. 

യുദ്ധത്തില്‍ നിന്ന് പലായനം ചെയ്യുകയും സ്വന്തം രാജ്യത്തിനുള്ളില്‍ തന്നെ പലായനം ചെയ്യുകയും ചെയ്ത 1,60,000 ആളുകളെങ്കിലും യുക്രൈനിൽ ഉണ്ടെന്നാണ് യുഎന്‍ കണക്കാക്കുന്നത്. ഈ കണക്ക് ഏഴ് ദശലക്ഷമായി ഉയരുമെന്നും 18 ദശലക്ഷം യുക്രേനിയക്കാരെ യുദ്ധം ബാധിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വിശ്വസിക്കുന്നു.

നമുക്കൊക്കെ ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് യുക്രൈനിലെ സാഹചര്യമെന്ന് ഈ കണക്കുകള്‍ പറയുന്നുണ്ട്. അത്രമേല്‍ ഭീകരവും ദയനീയവുമാണ് സ്ഥിതി. അധികാര വടംവലികള്‍ അവസാനിക്കട്ടെ. യുദ്ധത്തിന്റെ മക്കളായി കൂടുതല്‍ അനാഥരും അഭയാര്‍ത്ഥികളും ജനിക്കാതിരിക്കട്ടെ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News