ന്യൂഡൽഹി: കേരളത്തിൽ വൻ ചർച്ചയായ ഡാറ്റ ചോർച്ച വിവാദത്തിൽ ഉൾപ്പെട്ട കമ്പനി സ്പ്രിംഗളർ തങ്ങളുടെ 4 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുന്നു. 100-ലധികം ജീവനക്കാരെ ഇതിനകം കമ്പനി പിരിച്ചുവിട്ടു കഴിഞ്ഞു. ഇന്ത്യയിലും യുഎസിലും മറ്റ് പ്രദേശങ്ങളിലും അടക്കം തങ്ങളുടെ തൊഴിലാളികളെ കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
“ഈ തീരുമാനങ്ങൾ എടുക്കാൻ വളരെ പ്രയാസമാണെങ്കിലും,ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മോഡലിലേക്ക് മാറുമ്പോൾ ഞങ്ങളുടെ ദീർഘകാല വിജയത്തിന് ഇത് ശരിയായ തീരുമാനമാണ് എന്ന് കമ്പനിയുടെ വക്താവിനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ബിസിനസ്സിന് ലാഭകരമായ വളർച്ച നൽകുന്നതിനും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും, ”വക്താവ് കൂട്ടിച്ചേർത്തു.
ഫെബ്രുവരി 7 ന് കമ്പനി തങ്ങളുടെ പിരിച്ചു വിടൽ ആരംഭിച്ചതായാണ് വിവരം. എന്നാൽ പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം സ്പ്രിംഗ്ളർ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) കണക്ക് പ്രകാരം 2022 ജനുവരി 31 വരെ സ്ഥാപനത്തിൽ 3,245 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ മൊത്തം ജീവനക്കാരിൽ 933 പേർ യുഎസിലും 2,312 പേർ അന്താരാഷ്‌ട്ര തലത്തിലുമായിരുന്നു, ഇന്ത്യയിൽ 1,580 പേരും ജോലി ചെയ്യുന്നുണ്ട്.
കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായിരുന്നു കേരളം സ്പ്രിംഗ്ളർ കമ്പനിയുമായി കരാർ ഒപ്പിട്ടത്. എന്നാൽ ഇത് സ്വകാര്യ വിവരങ്ങൾ ചോരാൻ കാരണമാകുമെന്നുള്ള പ്രതിപക്ഷ ആരോപണത്തോടെ വൻ വിവാദത്തിനാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. പിന്നീട് സർക്കാർ തന്നെ ഉത്തരവ് റദ്ദാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...