യുക്രൈൻ നഗരമായ മരിയുപോൾ പിടിച്ചെടുത്തെന്ന റഷ്യൻ അവകാശവാദത്തിന് പിന്നാലെ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ കണക്ക് പുറത്തുവിട്ട് യുക്രൈൻ. യുദ്ധം ആരംഭിച്ച് രണ്ട് മാസം ആകുമ്പോഴേക്കും റഷ്യയ്ക്ക് ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് പറയുകയാണ് യുക്രൈൻ. യുദ്ധത്തിൽ യുക്രൈൻ തകർത്ത വിമാനങ്ങളുടെയും ടാങ്കറുകളുടെയും കണക്കും യുക്രൈൻ പുറത്തു വിട്ടു.
ഫെബ്രുവരി 24 മുതൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ ഇതുവരെ റഷ്യയ്ക്ക് നഷ്ടമായത് 21,200 സൈനികരെ എന്നാണ് യുക്രൈൻ പുറത്തുവിട്ട കണക്ക്. യുദ്ധത്തിൽ റഷ്യയ്ക്ക് ഉണ്ടായിരിക്കുന്നത് കനത്ത നഷ്ടമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരിയുപോൾ പിടിച്ചെടുത്തെന്ന റഷ്യയുടെ അവകാശവാദത്തിന് പിന്നാലെയാണ് യുക്രൈനിന്റെ പ്രതികരണം. എന്നാൽ മരിയുപോൾ റഷ്യയുടെ പിടിയിൽ ആണോ എന്ന കാര്യത്തിൽ ഇതുവരെ യുക്രൈൻ പ്രതികരിച്ചിട്ടില്ല.
റഷ്യയുടെ 2162 കവചിത വാഹനങ്ങൾ, 838 ടാങ്കറുകളും 176 വിമാനങ്ങളും 153 ഹെലികോപ്റ്ററുകളും യുക്രൈൻ തകർത്തതായും കണക്കുകൾ പുറത്തുവിട്ടു. കൂടാതെ സൈനികരുടെ 1523 വാഹനങ്ങളും പീരങ്കികളും ബോട്ടുകളും ഇന്ധന ടാങ്കുകളും തകർത്തതായും യുക്രൈൻ അവകാശവാദം ഉന്നയിച്ചു. ഈ യുദ്ധം കൊണ്ട് റഷ്യയ്ക്ക് ഉണ്ടായിരിക്കുന്നത് ഭീമമായ നഷ്ടം മാത്രമാണെന്നും യുക്രൈൻ വ്യക്തമാക്കി.
റഷ്യയുടെ കരിങ്കടൽ കപ്പൽ മോസ്കവ തകർത്തായി യുക്രൈൻ ദിവസങ്ങളായി അവകാശവാദം ഉന്നയിച്ചെങ്കിലും റഷ്യ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയുടെ മിസൈൽ സംവിധാനമായ എസ്ആർബിഎം തകർത്തതായും യുക്രൈൻ അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...