തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇടപെടലുമായി സർക്കാർ. പച്ചക്കറി വില വർധനവ് തടയാൻ നടപടിയുമായി ഹോർട്ടികോർപ്പ് രംഗത്തെത്തി. ചൊവ്വാഴ്ച മുതൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും. 23 പച്ചക്കറി വണ്ടികളാണ് സർവീസ് നടത്തുക. ന്യായ വിലയ്ക്ക് ജൈവ പച്ചക്കറി വീട്ടുപടിക്കൽ എത്തുമെന്നാണ് ഹോർട്ടികോർപ്പ് വ്യക്തമാക്കുന്നത്.
സ്റ്റാളുകൾക്ക് പുറമേ പച്ചക്കറി വണ്ടികളിലും വിൽപ്പന നടത്തും. സ്റ്റാളുകളില്ലാത്ത സ്ഥലങ്ങളിൽ മുൻഗണന നൽകുന്ന വിധത്തിലാണ് പച്ചക്കറി വണ്ടികൾ സർവീസ് നടത്തുക. പൊതു വിപണിയേക്കാൾ 30 രൂപ വരെ വിലക്കുറവിലാകും ഹോർട്ടികോർപ്പ് പച്ചക്കറികൾ ലഭ്യമാക്കുക. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം വർധിപ്പിക്കാനും ഹോർട്ടികോർപ്പ് ആലോചിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി. പ്രസാദ് പച്ചക്കറി വണ്ടികളുടെ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ കർഷകരിൽ നിന്ന് പരമാവധി ഉൽപ്പന്നങ്ങൾ സംഭരിക്കാനും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് വിതരണം ചെയ്യാനുമാണ് തീരുമാനം. കർഷകർക്ക് നൽകാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീർപ്പാക്കുമെന്നാണ് ഹോർട്ടികോർപ്പ് ഉറപ്പ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...