തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ വൻ മുന്നേറ്റം. 12.01 ശതമാനം വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്ത് വിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കേരളത്തിന്റ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ മികച്ച നിരക്കാണിതെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തുടരമെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്റെ പൊതുകടം 2.10 ലക്ഷമായി ഉയർന്നു. കിഫ്ബി പദ്ധതികൾക്കായി അനുവദിക്കുന്ന തുകയിലും ഗണ്യമായ കുറവും റിപ്പോർട്ടിൽ രേഖപ്പെടുത്തിട്ടുണ്ട്. മുൻ വർഷത്തെക്കാൾ 92 ശതമാനം കുറവാണ് ഉണ്ടായിരിക്കന്നതെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അതെ തുടർന്ന് ഈ വർഷവും സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം 1.90 ലക്ഷം കോടിയായിരുന്ന പൊതുകടമാണ് 2.10 ലക്ഷമായി ഉയർന്നിരിക്കുന്നത്. ശമ്പളം, പെൻഷൻ ചെലവുകൾ വർധിച്ചു. ശമ്പളം ചെലവ് എട്ട് ശതമാനം ഉയർന്ന് 30.44% ആയി. 3.05 ശതമാനം വർധനാണ് പെൻഷൻ ചെലവിൽ ഉണ്ടായിരിക്കുന്ന വർധന.
അതേസമയം കിഫ്ബി വഴിയുള്ള പദ്ധതിക്ക് പ്രാധാന്യം കുറച്ച് സർക്കാർ. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ആകെ കിഫ്ബി വഴിയുള്ള പദ്ധതികൾക്കായി അനുവദിച്ചത് 459.47 കോടി മാത്രം. അതിന് മുമ്പ് നൽകിയിരുന്നത് 5484.88 കോടി രൂപയായിരുന്നു. ഫണ്ട് അനുവദിക്കുന്നതിൽ 92 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ 928 നിർമാണ പ്രവൃത്തികളിൽ കിഫ്ബി വഴി പൂർത്തിയായത് 101 മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
റവന്യു കമ്മിയും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 4.11 ശതമാനമായി കുറഞ്ഞു. റവന്യു വരുമാനം 12.86 ശതമാനമായി വർധിച്ചു. കോവിഡ് കാലത്തെ ഉത്തേജക പാക്കേജുകൾ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന നിരക്കിൽ ചെറുതല്ലാത്ത ചലനമാണ് ഉണ്ടാക്കിയതെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വെച്ച അവതരിപ്പിച്ച അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...