ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ (Tomato) മൊത്തവില കുത്തനെ ഇടിഞ്ഞു. തക്കാളി ഉൽപാദിപ്പിക്കുന്നതിൽ മുൻപിൽ നിൽക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും (States) വില കുറഞ്ഞിരിക്കുകയാണ്. സർക്കാർ നേതൃത്വത്തിലുള്ള 31ൽ 23 കേന്ദ്രങ്ങളിലും തക്കാളിയുടെ മൊത്തവില (Wholesale price) കഴിഞ്ഞ വർഷത്തെക്കാൾ 50 ശതമാനം കുറഞ്ഞിരിക്കുകയാണ്. മൂന്ന് വർഷത്തെ സീസണൽ ശരാശരിയേക്കാൾ (Average) കുറവാണ് ഇതെന്നാണ് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇപ്പോൾ ഖാരിഫ് സീസൺ വിളവെടുപ്പാണ് നടക്കുന്നത്. 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള കാലത്തെ വിളവെടുപ്പാണ് ഇത്.
രാജ്യത്തെ ഏറ്റവും കൂടുതൽ തക്കാളി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഓഗസ്റ്റ് 28 ന് മധ്യപ്രദേശിലെ ദേവാസിൽ തക്കാളി കിലോയ്ക്ക് എട്ട് രൂപയായിരുന്നു വില. കഴിഞ്ഞ വർഷം ഇതേ സമയത്ത് 11 രൂപയായിരുന്നു കിലോയ്ക്ക് മൊത്തവ്യാപാര വില.
Also Read: തക്കാളിയുടെ വിലയിൽ നാലു മടങ്ങ് വർധന, ഇനിയും വില കൂടും..!
മഹാരാഷ്ട്രയിലെ ജൽഗോണിൽ വില 80 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് നാല് രൂപയായി. നിലവിൽ രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉൽപ്പാദപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ വർഷം ഇവിടെ തക്കാളിയുടെ മൊത്തവ്യാപാര വില 21 രൂപയായിരുന്നു.
ഔറംഗബാദിൽ വില 4.50 രൂപയിലേക്ക് താഴ്ന്നു. 9.50 രൂപയിൽ നിന്നാണ് ഇവിടെ 4.50 രൂപയിലേക്ക് താഴ്ന്നത്. സോലാപൂറിൽ 15 രൂപയായിരുന്നത് അഞ്ച് രൂപയായി. കോൽഹാപൂറിൽ 25 രൂപയായിരുന്നത് 6.50 രൂപയായി. മികച്ച വിളവെടുപ്പ് കിട്ടിയിട്ടും വിതരണശൃംഖല തടസപ്പെട്ടതാണ് വില ഇടിയാൻ പ്രധാന കാരണമായി പറയുന്നത്.
Also Read: കോറോണയിൽ കുതിച്ചുയർന്ന് പച്ചക്കറി വില!
സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഓഗസ്റ്റ് 28 ന് കർണാടകയിലെ കോലാറിൽ തക്കാളിക്ക് വില കിലോയ്ക്ക് 5.30 ആയിരുന്നു. കഴിഞ്ഞ വർഷം ഇത് 18.70 രൂപയായിരുന്നു. ചിക്കബല്ലാപുരയിൽ വില കഴിഞ്ഞ വർഷം 18.50 ആയിരുന്നത് 7.30 രൂപയായാണ് താഴ്ന്നത്.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വില കഴിഞ്ഞ വർഷം 40 രൂപയായിരുന്നത് ഇക്കുറി 18.50 രൂപയായി താഴ്ന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം 14 മുതൽ 28 രൂപ വരെ കിലോയ്ക്ക് കിട്ടിയിരുന്ന ഇടങ്ങളിൽ ഇക്കുറി 8 രൂപ മുതൽ 20 രൂപ വരെയാണ് കിട്ടുന്നത്. പശ്ചിമബംഗാളിൽ 34 മുതൽ 65 രൂപ വരെ കഴിഞ്ഞ വർഷം കിട്ടിയിരുന്നത് 25 മുതൽ 32 രൂപ വരെയാണ് കിട്ടുന്നത്.
തക്കാളിക്ക് വില കുറഞ്ഞതോടെ നാസികിലെ (Nasik) കർഷകർ കഴിഞ്ഞ ദിവസം ട്രാക്ടറുകളിൽ (Tractor) തക്കാളിയുമായി ലസൂർ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ദേശീയ പാതയിൽ തക്കാളികൾ തള്ളി. തങ്ങളുടെ വിളകൾക്ക് ന്യായമായ വില ലഭിക്കണമെന്നാണ് കർഷകരുടെ (Farmers) ആവശ്യം. വില കുത്തനെ ഇടിഞ്ഞതോടെ തങ്ങൾക്ക് നഷ്ടം നേരിടാതിരിക്കാൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...