അബുദാബി: ഐപിഒ പ്രഖ്യാപനവുമായി മലയാളി വ്യവസായി ഡോ ഷംഷീർ വയലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൽഡിങ്സ്. 11 ശതമാനം ഓഹരികളാണ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് (എഡിഎക്സ്) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 4 വരെ ഓഹരികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 10 ന് കമ്പനി എഡിഎക്‌സിൽ ലിസ്റ്റ് ചെയ്യും. 200,397,665 പുതിയ ഓഹരികളും വിപിഎസ് ഹെൽത്ത്‌കെയറിന്റെ ഉടമസ്ഥതയിലുള്ള 350,331,555 ഓഹരികളുമാണ് നിക്ഷേപകർക്കായി ലഭ്യമാക്കുക. കമ്പനി പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം ഓഫർ ചെയ്ത മൊത്തം ഓഹരികളിൽ ആദ്യ വിഹിതത്തിൽ 10 ശതമാനം രണ്ടാം വിഹിതത്തിൽ 90 ശതമാനം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
യുഎഇയിലും ഒമാനിലും ഒട്ടേറെ ആരോഗ്യ സ്ഥാപനങ്ങൾ ബുർജീൽ ഹോൾഡിംഗ്‌സിന് കീഴിലുണ്ട്. ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്‌കെയർ, തജ്‍മീൽ എന്നീ ബ്രാൻഡുകളിലൂടെ സമഗ്ര ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യാനുള്ള ശൃംഖലയാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഡോ. ഷംഷീർ 2007ൽ സ്ഥാപിച്ച ഗ്രൂപ്പിന് കീഴിൽ 16 ആശുപത്രികൾ, 23 മെഡിക്കൽ സെന്ററുകൾ (പോളിക്ലിനിക്കുകൾ, ഡെന്റൽ, കോസ്മെറ്റിക്, ഹോംകെയർ സേവനങ്ങളുള്ള സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുകൾ, പ്രത്യേക ഓർത്തോപീഡിക് സെന്റർ, ഐവിഎഫ് സെന്ററുകൾ), 15 ഫാർമസികൾ, അനുബന്ധ സേവനങ്ങൾക്കായുള്ള 7 സ്ഥാപനങ്ങൾ എന്നിവയാണുള്ളത് കഴിഞ്ഞ വർഷം (2021 ജനുവരി മുതൽ ഡിസംബർ വരെ) 3,351 മില്യൺ ദിർഹമാണ് ബുർജീൽ ഗ്രൂപ്പിന്റെ വരുമാനം. ഈ വർഷം ജൂൺ വരെയുള്ള ആദ്യ ആറുമാസം 1,898.4 മില്യൺ ദിർഹം വരുമാനം നേടിയിട്ടുണ്ട്.
എഡിഎക്സിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കം ഏറെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. അബുദാബി, യുഎഇ, മിഡിൽ ഈസ്റ്റ് കൂടാതെ നോർത്ത് ആഫ്രിക്കയും കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിന്റെ വളർച്ചയുടെ ഭാഗമാകാൻ നിക്ഷേപകർക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
40 മുതൽ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്റെ അടിസ്ഥാനത്തിൽ 2023 മുതൽ ലാഭ വിഹിതം നൽകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2023 ന്റെ ആദ്യ പകുതിയിലെ അറ്റാദായത്തിന്റെ അടിസ്ഥാനത്തിൽ 2023 ന്റെ രണ്ടാം പകുതിയിൽ ആദ്യ ഇടക്കാല ലാഭവിഹിതം നൽകും. യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (IHC) അടുത്തിടെ ബുർജീൽ ഹോൾഡിംഗ്‌സിന്റെ 15 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. ബുർജീൽ ഹോൾഡിംഗ്‌സ് ഐപിഒ, സബ്‌സ്‌ക്രിപ്‌ഷൻ പ്രക്രിയ എന്നിവയെ കുറിച്ചുള്ള പ്രോസ്‌പെക്ടസ് വിശദമായ വിവരങ്ങൾ https://www.burjeelholdings.com/ipo വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...