കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ വിജിലൻസ് പിടികൂടി. ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. പാവറട്ടി വലിയകത്ത് വീട്ടിൽ ആഷിക്ക് നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം ഇരുവരെയും പിടികൂടിയത്. ആഷിക്കിന്റെ ഭാര്യയുടെ ഓപ്പറേഷന് മുമ്പായി 3000 രൂപ കൈക്കൂലി ചോദിച്ചുവെന്ന് ആരോപിച്ചാണ് ആഷിഖ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
ഗർഭപാത്രത്തിൽ മുഴയെ തുടർന്ന് ആഷിക്കിന്റെ ഭാര്യ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. മുഴ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ വേണമെന്നും ഇതിനായി ഡോ. പ്രദീപ് കോശി 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആഷിഖിന്റെ പരാതി. ഇതിന് പുറമെ അനസ്തേഷ്യ ഡോക്ടർ വീണാ വർഗീസ് 2000 രൂപയും കൈകൂലി ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതോടെയാണ് ആഷിക് വിജിലൻസിനെ വിവരമറിയിച്ചത്
ALSO READ: Robbery: മൂവാറ്റുപുഴയിൽ വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണവും പണവും കവർന്നു
ഡോക്ടർമാർ ആവശ്യപ്പെട്ട പണം വിജിലൻസ് സംഘം ഫിനാഫ്തലിൻ പൌഡർ മുക്കി ആഷിക്കിന് നൽകി. തുടർന്ന് ആഷിക്ക് ഇന്ന് ഉച്ചയോടെ ആശുപത്രിക്കടുത്ത് ഡോക്ടർമാർ പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടിലെത്തി പണം കൈമാറുകയായിരുന്നു. ആദ്യം പ്രദീപ് കോശിയേയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വീണാ വർഗീസും കൈക്കൂലിയിൽ കുടുങ്ങി. ഉടൻ തന്നെ വിജിലൻസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിജിലൻസ് ഡിവൈഎസ്പി സി.ജി ജിംബോൾ, എറണാകുളം വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ, സിപിഒമാരായ കെ.വി വിബീഷ്, സൈജു സോമൻ, അരുൺ, ഗണേഷ്, എഎസ്ഐമാരായ ബൈജു, കരുണൻ, വുമൺ സിപിഒമാരായ സിന്ധു, സന്ധ്യ, ഡ്രൈവർ രതീഷ് എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...