പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മൂന്ന് വർഷമായി വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. ബന്ധുവായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇടുക്കി മഞ്ചുമല വണ്ടിപ്പെരിയാർ സത്രത്തിലെ സുരേഷ് എന്ന് വിളിക്കുന്ന ജോയി ആണ് പത്തനംതിട്ട പമ്പ പൊലീസിൻ്റെ പിടിയിലായത്.
2020 നവംബർ 22ന് വെളുപ്പിന് വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ പുറത്ത് പതിയിരുന പ്രതിയും വണ്ടിപ്പെരിയാർ സ്വദേശിയായ കരുമാടി എന്ന് വിളിക്കുന്ന രതീഷും ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഒന്നാം പ്രതി ജോയി കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിക്കുകയും ഇരുവരും ചേർന്ന് ബലമായി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറ്റി, വണ്ടിപ്പെരിയാറിലെ ജോയിയുടെ വീട്ടിൽ എത്തിക്കുകയുമായിരുന്നു.
പിന്നീട് 2021 സെപ്തമ്പർ ആറ് വരെയുള്ള കാലയളവിൽ, ഇവിടെവച്ചും വനത്തിനുള്ളിലെ പലയിടങ്ങളിലായുള്ള ഷെഡ്ഡുകളിൽ കൊണ്ടു പോയും, ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധു, പമ്പ പോലീസ് റ്റേഷനിൽ വിവരമറിയിക്കുകയും, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
ALSO READ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ
എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ, റാന്നി ഡിവൈഎസ്പി അന്വേഷണം ഏറ്റെടുക്കുകയും, വനത്തിൽ വ്യാപകമായ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും, ഫലമുണ്ടായില്ല. 2021 സെപ്തമ്പർ ഏഴിന് പെൺകുട്ടി വീട്ടിലെത്തുകയും, വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി, ശാരീരിക അസ്വസ്ഥത ഉള്ളതായി പെൺകുട്ടി വെളിപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ, എസ് സി പ്രമോട്ടറുടെ സാന്നിധ്യത്തിൽ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ, പ്രതി ജോയി ലൈംഗികമായി പീഡിപ്പിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ വൈദ്യ പരിശോധനയിലും, പെൺകുട്ടി പലതവണ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായി. തുടർന്ന് ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, എന്നീ കുറ്റങ്ങളും, പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിക്കായുള്ള തിരച്ചിലിനിടെ, വനത്തിൽ പോലീസ് സംഘം കുടുങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മലംപണ്ടാര വിഭാഗക്കാരനായ പ്രതി, ഉൾവനത്തിലെ പല മേഖലകളിലായി ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെ, കഴിഞ്ഞ ദിവസം പോലീസിൻ്റെ പിടിയിലാവുകയായിരുന്നു. കേസിലെ രണ്ടാം പ്രതി കരുമാടി എന്ന രതീഷിനായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...