മലപ്പുറം: പൂജ നടത്തിപ്പിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂജ ചെയ്ത് നിധി കുഴിച്ചെടുത്ത് തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മലപ്പുറം (Malappuram) വണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിൽ രമേശൻ നമ്പൂതിരി എന്നയാളെയാണ് നിലമ്പൂര്‍ പോലീസ് (Nilambur Police) പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞ് ഹോട്ടലില്‍ പാചകജോലി ചെയ്യുമ്പോഴാണ് ഇയാൾ പോലീസ് വലയിലായത്.
പ്രത്യേക പൂജകള്‍ നടത്തി നിധിയെടുത്ത് നല്‍കും, ചൊവ്വാദോഷം മാറ്റിത്തരും എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള തട്ടിപ്പുകളില്‍ പെട്ടത് നിരവധി യുവതികളാണ്. വണ്ടൂര്‍ സ്വദേശിനിയില്‍ നിന്ന് 1.10 ലക്ഷം രൂപ തട്ടിയത് ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ്. വിവാഹം ശരിയാകാതെ വന്നതോടെയാണ് യുവതി പോലീസില്‍ പരാതിയുമായെത്തിയത്. രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
Also Read: Murder | കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതായി ഡൽഹി പോലീസ്
വയനാട് ജില്ലയിൽ പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയതായി വ്യക്തമായിട്ടുണ്ട്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടി. ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു. സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി.
രണ്ട് കുട്ടികളുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായി അവരെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ 2 പെണ്‍കുട്ടികളുണ്ട്. 2019ല്‍ അവരെ ഉപേക്ഷിച്ച് ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇവരുമൊന്നിച്ച് കൊല്ലത്ത് താമസിക്കുമ്പോഴായിരുന്നു അറസ്റ്റ്.
പുനലൂരിലെ (Punaloor) ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ആഴ്ചകളോളം പല വേഷത്തിൽ നടന്നു നിരീക്ഷണം നടത്തിയാണ് പോലീസ് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. അവിടെയും പ്രതി പൂജകൾ നടത്തുന്നതായി വ്യക്തമായിട്ടുണ്ട്. നിലമ്പൂർ (Nilambur) ഡിവൈഎസ്പി, സാജു കെ.എബ്രാഹം, സിഐടിഎസ് ബിനു, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ എം.അസ്സൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...