കണ്ണൂർ: കോച്ചിൽ തീ ആളിപ്പടർന്ന് യാത്രക്കാർക്ക് പൊള്ളലേറ്റപ്പോൾ അപായച്ചങ്ങല വലിച്ചതോടെ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഡി-1 കോച്ച് നിന്നത് കോരപ്പുഴയ്ക്ക് മുകളിലായിരുന്നു. ട്രെയിൻ വേഗം കുറച്ചപ്പോൾ ചിലർ പുറത്തേക്ക് ചാടി. ഇവർ പുഴയിലേക്കാണോ വീണതെന്ന് സംശയമുണ്ടെന്ന് യാത്രക്കാർ പറയുന്നു.
ഓടിക്കൊണ്ടിരുന്ന ട്രെയിൻ ആയിരുന്നതിനാൽ കാറ്റിൽ തീ ആളിപ്പടർന്നു. കോച്ചിൽ കൂട്ടക്കരച്ചിലുയർന്നു. സീറ്റിലും യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീ പടർന്നു. ഒമ്പത് പേർക്ക് പൊള്ളലേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇതിനിടെ കോച്ചിൽ നിന്ന് ചിലരെ കാണാതായെന്നും യാത്രക്കാർ പറയുന്നു.
ട്രെയിനിൽ തീപടർന്നത് റെയിൽവേ കൺട്രോൾ റൂമിൽ ആദ്യം അറിയിച്ചത് കൊയിലാണ്ടി ട്രാക്ഷൻ ഡിസ്ട്രിബ്യൂഷൻ സീനിയർ സെക്ഷൻ എഞ്ചിനീയർ പ്രിൻസാണ്. കോച്ചിലുണ്ടായിരുന്ന പ്രിൻസിനും ഭാര്യയ്ക്കും പൊള്ളലേറ്റു. പ്രിൻസും ഭാര്യയും തൃശൂരിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു.
പരിഭ്രാന്തരായ യാത്രക്കാർ നാല് കോച്ചുകളിലെ അപായച്ചങ്ങല വലിച്ചു. ലോക്കോ പൈലറ്റ് എം.പി. മുരളീധരൻ, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എ.ടി. സന്ധ്യ, ഗാർഡ് സുമ തുടങ്ങിയവർ ട്രെയിനിലെ കാര്യങ്ങൾ നിയന്ത്രിച്ചു. രാത്രി 11.45-നാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. കണ്ണൂരിൽ എത്തിയ ഉടൻ റെയിൽവേ സുരക്ഷാസേന ഡി-1 കോച്ച് സീൽ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...