ആലുവ: നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ (Suicide case) പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. ഭർതൃവീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട് (Remand report). ഭർതൃവീട്ടുകാരിൽ നിന്നും ഭർത്താവിൽ നിന്നും മൊഫിയ (Mofia Parveen) നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മൊഫിയയുടെ ഭർത്താവ് ലൈംഗികവൈകൃതത്തിന് അടിമയാണ്. ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. മൊഫിയയെ ഭർതൃവീട്ടുകാർ മാനസിക രോഗിയായി മുദ്രകുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 40 ലക്ഷം രൂപ സുഹൈലും വീട്ടുകാരും സ്ത്രീധനമായി ആവശ്യപ്പെട്ടു. പണം നൽകാത്തതിന്റെ പേരിലാണ് പീഡനം തുടർന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ALSO READ: Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
അടിമയെപ്പോലെ ജോലി ചെയ്യിച്ചു. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. പള്ളി വഴി വിവാഹമോചനത്തിന് കത്ത് നൽകി വേറെ കല്യാണം കഴിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയിരുന്നു. ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, മൊഫിയയുടെ മരണത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി. ആരോപണ വിധേയനായ സിഐ സിഎൽ സുധീറിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും മൊഫിയയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
ALSO READ: Mofia Suicide Case | മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡിൽ
മൊഫിയയുടെ കുടുംബത്തിനുണ്ടായ അനുഭവം കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കുടുംബാംഗങ്ങളുമായി സംസാരിച്ചു. സിഐക്കെതിരെ അടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പമാണ് സർക്കാർ. സിഐക്കെതിരായ നടപടിക്രമങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ സിഐയെ സസ്പെൻഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. സിഐ സുധീറിനെ സ്ഥലംമാറ്റിയാൽ പോര, സസ്പെൻഡ് ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സിഐയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടക്കുന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ALSO READ: Mofia Suicide Case | സിഐ സുധീറിനെ സ്ഥലംമാറ്റി, സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടരുന്നു
നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. പരാതി നൽകാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...