ഷാർജ: മോഷണത്തിനിടെ ഇന്ത്യൻ ദമ്പതികളെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 26 കാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ. ശിക്ഷ വിധിച്ചത് ദുബായ് ക്രിമിനല്‍ കോടതിയാണ്. ദുബായ് അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഇന്ത്യന്‍ ദമ്പതികളായ ഹിരണ്‍, വിധി ആദിയ എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഈ വിധി.
Also Read: അയർലന്‍റിൽ നഴ്സുമാർക്ക് നേരെ നിരന്തര ആക്രണം; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ഹിരണും വിധിയും ഗുജറാത്ത് സ്വദേശികളാണ്. കേസിനാസ്പദമായ സംഭവം നടന്നത് ജൂണ്‍ 17, 2020 ലാണ്. ഹിരണും വിധിയും ഷാര്‍ജയില്‍ ബിസിനസ് നടത്തി വരികയായിരുന്നു. ഇവരുമായി നേരത്തേ പരിചയമുണ്ടായിരുന്ന പ്രതി വ്യക്തമായ ആസൂത്രണത്തോടെ മോഷണത്തിനായി ഇവരുടെ വില്ലയിലെത്തുകയും അവരുടെ മുറിയില്‍ കടന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുകയുമായിരുന്നു. ഇതിനിടയില്‍ കണ്ണുതുറന്ന ഹിരണ്‍ ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി ഹിരണിനേയും അയാളുടെ ഭാര്യയേയും കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഫോറൻസിക് റിപ്പോർട്ടിൽ ഹിരണിന് തലയിലും നെഞ്ചിലും വയറിലും ഇടതു തോളിലുമായി 10 തവണയാണ് കുത്തേറ്റിരിക്കുന്നത്. അതുപോലെ അദ്ദേഹത്തിൻറെ ഭാര്യയായ വിധിയ്ക്ക് തല, കഴുത്ത്, നെഞ്ച്, മുഖം, ചെവി, വലതു കൈ എന്നിവിടങ്ങളിലായി 14 തവണയും കുത്തേറ്റിരുന്നു.
ഇവരുടെ നിലവിളികേട്ടെത്തിയ 18 വയസുള്ള മകളാണ് രക്തത്തില്‍ കുളിച്ചനിലയില്‍ കിടക്കുന്ന മാതാപിതാക്കളെ കണ്ടത്. ശേഷം അലാറം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി മകളെ ആക്രമിക്കുകയും കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. സംഭവ മറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രതിരക്ഷപ്പെട്ടിരുന്നു.
ശേഷം പോലീസ് നടത്തിയ പരിശോധനയിൽ വില്ലയില്‍നിന്ന് 1000 മീറ്റര്‍ അകലെയായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയായിരുന്നു. മാത്രമല്ല സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ ഷാര്‍ജയില്‍നിന്നും ദുബായ് പോലീസ് പിടികൂടുകയും ചെയ്തു. ഇയാളിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു.
പോലീസിന്റെയും പ്രോസിക്യൂഷന്റെയും ചോദ്യം ചെയ്യലിൽ ദമ്പതികളുടെ കൊലപാതകം, മകളെ കൊല്ലാനുള്ള ശ്രമം, മോഷണം എന്നീ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചുവെങ്കിലും 2020 നവംബറിൽ ഇയാളെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇതെല്ലം അയാൾ നിഷേധിക്കുകയും ചെയ്തിരുന്നു.
ഇതൊരു ആസൂത്രിത കുറ്റകൃത്യമായതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തിനകം വിധിക്കെതിരെ അപ്പീൽ നൽകാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക