Palakkad : പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കറുകോടി മൂത്താൻ സമുദായത്തിന്റെ ശ്മശാനത്തിലാണ് സംസ്ക്കാരം നടത്തിയത്. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് പ്രദേശത്ത് എത്തിയത്. സംസ്ക്കാരത്തിന് മുമ്പായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിലും വീട്ടിലും മൃതശരീരം പൊതുദർശനത്തിന് വെച്ചിരുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിനെ തുടർന്നുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്ന് എഫ്‌ഐആർ. കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസൻ കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പത്ത് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് കൊലയാളി സംഘത്തിൽ ആറുപേരാണ് ഉണ്ടായിരുന്നത്. 3 ബൈക്കുകളിലായാണ്ഇവർ എത്തിയത്. കൊലയാളികൾ സഞ്ചരിച്ച 3 ബൈക്കുകളിൽ ഒന്നിന്റെ നമ്പർ പോലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനത്തിന്റെ ആർസി ഉടമയെ പൊലീസ് ചോദ്യം ചെയ്ത് വരികെയാണ്. വണ്ടിയുടെ രജിസ്ട്രേഷൻ മാത്രമാണ് തന്റെ പേരിൽ ഉള്ളതെന്നും, ആരാണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും വാഹന ഉടമയായ സ്ത്രീ മൊഴി നൽകിയിട്ടുണ്ട്.
കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന് ഇൻക്വിസ്റ്റ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തലയിൽ മാത്രം മൂന്നു വെട്ടുകളാണ് ഉള്ളത്. കൂടാതെ ശരീരത്തിലാകമാനം പത്തോളം ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവത്തെ തുടർന്ന് അഡീഷണൽ ഡിജിപി വിജയ് സാഖറെ പാലക്കാട് എത്തിയിരുന്നു.
24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ സംഭവിക്കുന്ന രണ്ടാമത്തെ കൊലപാതകമായിരുന്നു ശ്രീനിവാസന്റെത്. ഏപ്രിൽ 15ന് പാലക്കാട് എലുപ്പുളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടിരുന്നു. സുബൈറിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒന്നരയോടെ മേൽമുറിയിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...