PFI: ഹർത്താലിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ച പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഷംനാദ് രക്ഷപ്പെടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 11:55 AM IST
  • ഹർത്താൽ ദിവസം റോഡിൽ ഇറങ്ങിയ യാത്രക്കാരെ ഷംനാദ് ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
  • തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സംഘമായി എത്തി ഷംനാദിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
  • എന്നാൽ പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച ഷംനാദ് എതിരെ വന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്‍ത്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
PFI: ഹർത്താലിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലത്ത് പോലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ച പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഷംനാദ് രക്ഷപ്പെടുകയായിരുന്നു. ഷംനാദിന്റെ ആക്രമണത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ആന്‍റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. 

ഹർത്താൽ ദിവസം റോഡിൽ ഇറങ്ങിയ യാത്രക്കാരെ ഷംനാദ് ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സംഘമായി എത്തി ഷംനാദിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച ഷംനാദ് എതിരെ വന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്‍ത്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

Also Read: Popular Front Harthal In Kerala: കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം

 

അതേസമയം കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോർട്ട് തേടിയിരുന്നു. എന്‍ഐഎ, ഇഡി റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തിൽ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 157 കേസുകളാണ്. വിവിധ അക്രമങ്ങളില്‍ ഏതാണ്ട് 150ൽ അധികം പേർ അറസ്റ്റിലായിട്ടുണ്ട്. ഏതാണ്ട് 300ൽ അധികം പേരെ കരുതല്‍ തടങ്കലിലാക്കിയതായും 57 കേസുകൾ എടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ പുറത്തുവിട്ട കണക്ക്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂരിലാണ്. 28 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. അതുപോലെ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോട്ടയം ജില്ലയിലാണ്. ഇവിടെ 87 പേരോളം അറസ്റ്റിലായിട്ടുണ്ട്.  

അതിനിടെ തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാൻ ഒരുങ്ങുകയാണ് എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സി.എ റൗഫ് എന്നിവർക്കെതിരെ കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകും. കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ റെയ്ഡിനിടെ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.

തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് സെക്രട്ടറി അബ്ദുൾ സത്താർ. സിഎ റൗഫ് കേസിലെ 12 ആം പ്രതിയുമാണ്. കഴിഞ്ഞ ദിവസത്തെ മിന്നൽ പരിശോധനയ്ക്കിടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകർഷിച്ചതിലും ഇരുവർക്കും പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുൾ സത്താർ, റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയും.

റെയ്ഡിന് പിന്നാലെ നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായപ്പോൾ കേരളത്തിലെ സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നതിന് വേണ്ടിയാണ് ഇവർ ഒളിവിൽ പോയത്. തുടർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എൻഐഎ ഓഫീസിൽ പ്രതികൾ കീഴടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാൻ എൻഐഎ ശ്രമം തുടങ്ങിയത്.

സംസ്ഥാനത്തെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാൽ ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകും. കേസിൽ 11 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. 11 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഈ മാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നൽകിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളിൽ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News