എറണാകുളം: കൊച്ചിയിലെ സ്കൂൾ പരിസരത്തും വഴിയോരങ്ങളിലും കളിപ്പാട്ട കച്ചവടം നടത്തിവന്നിരുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി മിങ്കു ഭായ് എന്ന പേരിൽ അറിയപ്പെടുന്ന വിപിൻ കുമാർ റസ്തോജിയാണ് പോലീസ് പിടിയിലായത്.
Also Read: Crime News: തലസ്ഥാനത്ത് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളുടെ കയ്യിൽ നിന്നും പിടികൂടിയത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വെെകുന്നേരങ്ങളിൽ പതിവായി ഇയാളെ തേടി യുവതീ യുവാക്കൾ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇയാൾ തേവര ഡീവർ റോഡിന് സമീപം കസ്തൂർബ നഗറിലേക്ക് പോകുന്ന വഴിയിലാണ് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഇയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിറ്റി മെട്രോ ഷാഡോയ്ക്കും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. വേഷം മാറിയെത്തിയ എക്സൈസ് സംഘം ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും അതുവഴി നടത്തിയ അന്വേഷണത്തിലാണ് കുരുക്ക് മുറുക്കിയത്.
വിപിൻ കുമാർ റസ്തോജിയുടെ പക്കൽ ബ്രൗൺ ഷുഗറുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ഇത് ആവശ്യപ്പെടും തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് മയക്കുമരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഇയാൾ ബ്രൗൺ ഷുഗർ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദീകരിച്ച കൊടുക്കുകയാണ് തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കൂടുതൽ പാക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുക്കുകയായിരുന്നു. ഈ മയക്കുമരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.