Thrikkakara Result: പോളിങ് ശതമാനം കുറഞ്ഞു, തോറ്റു, പക്ഷേ എല്‍ഡിഎഫിന് വോട്ട് കൂടി; അപ്പോള്‍ തൃക്കാക്കരയില്‍ സംഭവിച്ചതെന്ത്?

ഇത്തവണ ട്വന്റി-20 മത്സര രംഗത്തുണ്ടായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുകളില്‍ പതിമൂവായിരത്തോളം വോട്ടുകളുടെ വര്‍ദ്ധന ഉണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുകളില്‍ രണ്ടായിരത്തിലധികം വോട്ടുകളുടെ വര്‍ദ്ധനയും.

Written by - Binu Phalgunan A | Last Updated : Jun 3, 2022, 05:35 PM IST
  • ട്വന്റി-20 വോട്ടുകൾ കൃത്യമായി യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചു എന്നാണ് വിലയിരുത്തൽ
  • ബിജെപി വോട്ടുകളിൽ കുറവ് വന്നു എന്നതും നിർണായകമാണ്
  • എൽഡിഎഫ് സ്ഥാനാർത്ഥി വോട്ടുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്
Thrikkakara Result: പോളിങ് ശതമാനം കുറഞ്ഞു, തോറ്റു, പക്ഷേ എല്‍ഡിഎഫിന് വോട്ട് കൂടി; അപ്പോള്‍ തൃക്കാക്കരയില്‍ സംഭവിച്ചതെന്ത്?

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി സംഭവിച്ചതിന്റെ ആഘാതത്തിലാണ് സിപിഎമ്മും എല്‍ഡിഎഫും. അപ്രതീക്ഷിതമായി റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ചതിന്റെ ആശ്ച്വര്യം കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ട്. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ നിന്ന് ഏറെ വിഭിന്നമാണ് ഇത്തവണ. 

25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. ആകെ പോള്‍ ചെയ്തത് 1,35,342 വോട്ടുകള്‍. അതില്‍ 72,770 വോട്ടുകളാണ് ഉമ തോമസ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ ജോ ജോസഫിന് 47,754 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായ എഎന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍.

Read Also: മുഖ്യമന്ത്രിയിറങ്ങി, മന്ത്രിമാര്‍ വീടുകയറി, എംഎല്‍എമാര്‍ ക്യാമ്പ് ചെയ്തു... പക്ഷേ, തോറ്റ് തുന്നംപാടുന്ന സിപിഎം! കാരണം?

ഇനി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ കൂടി പരിശോധിക്കാം. 2021 ലെ തിരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്തത് 1,35,875 വോട്ടുകള്‍. പിടി തോമസിന് കിട്ടിയത് 59,839. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജെ ജേക്കബിന് ലഭിച്ചത് 45,510 വോട്ടുകള്‍. ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയ്ക്ക് അന്ന് 15,483 വോട്ടുകള്‍ ലഭിച്ചു. പിടി തോമസിനെ ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന ട്വന്റി-20 സ്ഥാനാര്‍ത്ഥി ഡോ ടെറി തോമസ് അന്ന് 13,897 വോട്ടുകള്‍ നേടിയിരുന്നു.

ഇത്തവണ ട്വന്റി-20 മത്സര രംഗത്തുണ്ടായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുകളില്‍ പതിമൂവായിരത്തോളം വോട്ടുകളുടെ വര്‍ദ്ധന ഉണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുകളില്‍ രണ്ടായിരത്തിലധികം വോട്ടുകളുടെ വര്‍ദ്ധനയും. ഇവിടെ വോട്ടുകുറഞ്ഞത് ബിജെപിയ്ക്കാണ്- രണ്ടായിരത്തി അഞ്ഞൂറോളം വോട്ടുകള്‍ കുറഞ്ഞു. 2021 ല്‍ 14,329 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നത് ഇത്തവണ എങ്ങനെ 25,016 വോട്ടിലേക്ക് ഉയര്‍ന്നു എന്നത് ഈ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക്, പിടി തോമസിന്റെ ഭാര്യ എന്ന സഹതാപവും ഉമ തോമസിന് വോട്ടായി മാറിയിട്ടുണ്ടാകാം.

Read Also: 'ക്യാപ്റ്റന്‍ സതീശന്‍'... ഇത് വിഡി സതീശന്റെ വിജയം; കേരളത്തിലെ കോണ്‍ഗ്രസ് ഇനി കൈപ്പിടിയില്‍

ട്വന്റി-20 വോട്ടുകള്‍ എവിടേക്കാണ് പോയത് എന്നത്, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സലാബു ജേക്കബിന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നാല്‍ ബിജെപി വോട്ടുകള്‍ കുറഞ്ഞതിന് കൃത്യമായ ഒരു കാര്യം പറയാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഒരു ജില്ലാ നേതാവ് മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടുപോലും സംസ്ഥാന നേതാവായ എഎന്‍ രാധാകൃഷ്ണന് പിടിക്കാന്‍ ആയില്ല എന്നത് അവരെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്, ഇത്തവണ വോട്ട് വര്‍ദ്ധിപ്പിക്കുമെന്നതായിരുന്നു ബിജെപിയുടെ പ്രഖ്യാപനം തന്നെ.

ഈ കണക്കുകള്‍ തന്നെ ആയിരിക്കും ഇത്തവണ എല്‍ഡിഎഫിന്റെ ഏക പിടിവള്ളി. ബിജെപി വോട്ടുകളും, ട്വന്റി-20യുടെ സിംഹഭാഗം വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചു എന്ന തരത്തില്‍ വിലയിരുത്തുകയേ എല്‍ഡിഎഫിന് മുന്നില്‍ വഴിയുള്ളു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ടുകളും വോട്ട് വിഹിതവും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്ന് ആശ്വസിക്കുകയും ചെയ്യാം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News