നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന ഘടന നമ്മുടെ അസ്ഥികളാണ്. മറ്റെല്ലാ സംവിധാനങ്ങളെയും പിന്തുണയ്ക്കുന്നത് അസ്ഥികൂടമാണ്. അസ്ഥികളുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കാരണം, അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അസ്ഥികളുടെ ആരോഗ്യത്തിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായമാകുമ്പോൾ അസ്ഥികളുടെ സാന്ദ്രത കുറയാനുള്ള സാധ്യത കൂടുതലാണ്.
അസ്ഥികളുടെ സാന്ദ്രത ഗണ്യമായി കുറയുമ്പോൾ, ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട് - അസ്ഥികളുടെ ആരോഗ്യാവസ്ഥ മോശമാകുകയും, അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്ന അവസ്ഥയാണിത്. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് അസ്ഥികളുടെ ആരോഗ്യം കുറയാനുള്ള സാധ്യത കൂടുതലാണ്. അസ്ഥികളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ ഈസ്ട്രജൻ നിർണായക പങ്കുവഹിക്കുന്നു. ആർത്തവവിരാമ സമയത്ത്, ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുന്നു. തൽഫലമായി, എല്ലുകളുടെ ആരോഗ്യം മോശമാകുന്നു.
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സ്വാഭാവിക മാർഗങ്ങൾ ഇവയാണ്
പച്ചക്കറികൾ: ഇലക്കറികൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പങ്ക് വഹിക്കുന്ന വിറ്റാമിൻ കെ, കാത്സ്യം എന്നീ പോഷകങ്ങൾ നൽകുന്നു. കൂടാതെ, പച്ചക്കറികൾ വിറ്റാമിൻ സിക്ക് പ്രധാനമാണ്. അസ്ഥി ധാതുക്കളുടെ സാന്ദ്രത വർധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ചീര, കാബേജ്, ബ്രോക്കോളി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
വ്യായാമം: എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് വ്യായാമം ശീലമാക്കണം. നടത്തം, ജോഗിംഗ്, എയ്‌റോബിക്‌സ്, പടികൾ കയറൽ തുടങ്ങിയവ അസ്ഥികളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനുള്ള ശാരീരിക വ്യായാമങ്ങളാണ്. പ്രായപൂർത്തിയായ ആളുകൾ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ALSO READ: Weight Loss: ശരീരഭാരം കുറയ്ക്കാൻ അടുക്കളയിലുള്ള ഈ സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളെ സഹായിക്കും
കാത്സ്യം അടങ്ങിയ ഭക്ഷണക്രമം: എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനപ്പെട്ടതാണ്. കാത്സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പാൽ, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ ഗണ്യമായ അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കോശങ്ങളുടെ പ്രവർത്തനത്തിനുള്ള ഒരു പ്രധാന പോഷകം കൂടിയാണിത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും രക്തസമ്മർദ്ദം, ഹോർമോണുകളുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനും കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും നിങ്ങളുടെ ശരീരത്തിന് കാത്സ്യം ആവശ്യമാണ്.
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം: ടോഫു, ചെറുപയർ, ഫ്ളാക്സ് സീഡുകൾ എന്നിവയ്ക്ക് അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനുള്ള ഗുണങ്ങളുണ്ട്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകളിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഈസ്ട്രജനെ അനുകരിക്കുന്നു. ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. അസ്ഥികളുടെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കാരണം ഇത് പുതിയ അസ്ഥികൾ ഉണ്ടാക്കുന്ന കോശങ്ങളായ ഓസ്റ്റിയോബ്ലാസ്റ്റുകളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു.
മദ്യപാനം, പുകവലി: ലഹരിവസ്തുക്കളുടെ ഉപയോഗം അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മദ്യപാനം, പുകവലി എന്നിവ അസ്ഥികളുടെ ആരോഗ്യത്തെ മോശമാക്കും. അതിനാൽ, മദ്യപാനം, പുകവലി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ നിയന്ത്രിക്കേണ്ടതാണ്.
ആരോഗ്യകരമായ ശരീരഭാരം: ബിഎംഐ അനുസരിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം അമിതഭാരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലുകളുടെ ഘടനയെ നേരിട്ട് ബാധിക്കുമെന്നതിനാൽ ഭാരം കുറവോ കൂടുതലോ ആകാതിരിക്കാൻ ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...