പാത്രങ്ങൾ കഴുകേണ്ടതായിട്ട് ഒരു ദിവസം പോലും ഉണ്ടാകില്ല. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയാലും, ഭക്ഷണം കഴിക്കണമെങ്കിൽ പാത്രം ഇല്ലാതെ പറ്റില്ലല്ലോ? കഴിച്ച് കഴിഞ്ഞാൽ പിന്നെ അത് കഴുകാതെ നിവർത്തിയുമില്ല. പാത്രം കഴുകുന്നതിന് വേണ്ടി ഒരുപാട് ഡിഷ് വാഷുകൾ വിപണിയിൽ സുലഭമാണ്. ഒപ്പം ഒരു സ്പോഞ്ചും നമ്മൾ വാങ്ങും. പാത്രം കഴുകുന്നതിനായി പല തരത്തിലുള്ള സ്പോഞ്ചുകൾ കിട്ടും. എന്നാൽ ഇവ എത്ര തവണ മാറ്റണം എന്ന കാര്യത്തിൽ ആരെങ്കിലും ശ്രദ്ധ ചെലുത്താറുണ്ടോ?
നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ നിശ്ചിത സമയത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ അത് മറ്റ് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. ഒരാഴ്ചയിൽ അധികം ഒരു സ്ക്രബ് ഉപയോഗിക്കുകയാണെങ്കിൽ അത് പിന്നീട് ബാക്ടീരിയകളുടെ കേന്ദരമായി മാറും എന്നാണ് വിദഗ്ധർ പറയുന്നത്. സ്‌പോഞ്ചുകൾക്ക് ഒരു ചതുരശ്ര സെന്റിമീറ്ററിൽ 45 ബില്ല്യൺ സൂക്ഷ്മാണുക്കളെ ഉൾക്കൊള്ളാൻ കഴിയും. അതുകൊണ്ട് എല്ലാ ആഴ്ചയും അല്ലെഹ്കിൽ രണ്ടാഴ്ച കൂടുമ്പോൾ സ്പോഞ്ച് മാറ്റുക.
സ്പോഞ്ചിൽ എത്ര ബാക്ടീരിയകൾ ഉണ്ടാകുന്നു?
ബാക്ടീരിയ വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് സ്പോഞ്ചുകൾ എന്നാണ് വിസ്‌കോൺസിൻ-മാഡിസൺ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജിസ്റ്റും പ്രൊഫസറുമായ ട്രീന മക്‌മഹോൺ പറയുന്നത്. പാത്രം കഴുകുന്നതിന് വേണ്ടി എടുക്കുമ്പോൾ അത് ഇടയ്ക്കിടെ നനയുന്നു. എന്നാൽ അത് കൃത്യമായി ആരും ഉണക്കി വയക്കാറില്ല. സ്ക്രബിലെ നനവ് മൂലം അതിന്റെ ചെറിയ സുഷിരങ്ങളിൽ ബാക്ടീരിയയുടെ പാളികൾ രൂപം കൊള്ളുന്നു. 2017ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ 362 തരത്തിലുള്ള ബാക്ടീരിയകൾ വസിക്കുന്നുണ്ട്.
Also Read: Optical Illusion: കാടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യമുഖം, 11 സെക്കൻഡിൽ കണ്ടെത്താമോ?
ബാക്ടീരിയ എത്രത്തോളം ദോഷകരമാണ്?
ബാത്റൂമിൽ ഉള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടുക്കളകളിലും സ്പോഞ്ചുകളിലും ഉണ്ടെന്നാണ് കണ്ടെത്തൽ. 2012-ൽ ജേണൽ ഓഫ് എൻവയോൺമെന്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പഴകിയതും വൃത്തിഹീനവുമായ സ്പോഞ്ചുകളിൽ നിന്ന് ദുർഗന്ധം ഉണ്ടാകും. എന്നാൽ ഇവയിലുണ്ടാകുന്ന ബാക്ടീരിയകൾ അത്ര ദോഷകരമാണോ എന്ന ചോദ്യത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാൻ ഇത്തരം ഡിഷ് വാഷിങ് സ്പോഞ്ചുകൾക്ക് സാധിക്കും എന്നാണ് റിപ്പോർട്ട്.
അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സ്പോഞ്ചുകളും പാത്രങ്ങളും അടുക്കള പ്രതലങ്ങളിൽ ബാക്ടീരിയകൾ പരത്തുന്നു എന്നാണ് കണ്ടെത്തൽ. പാത്രം സ്പോഞ്ച് ഉപയോഗിച്ച് കഴുകുന്നത് അതിലെ അണുക്കൾ നീക്കുന്നതിനാണ്. എന്നാൽ വൃത്തിഹീനമായ സ്പോഞ്ചിലൂടെ ബാക്ടീരിയകൾ പാത്രത്തിലേക്ക് എത്തുകയും അത് പിന്നീട് ഭക്ഷണം കഴിക്കുന്നവന്റെ വയറ്റിലേക്കും എത്തുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. അതുകൊണ്ട് തന്നെ സ്പോഞ്ച് വൃത്തിയായി സൂക്ഷിക്കണം.
സ്പോഞ്ച് വൃത്തിയായി അണുവിമുക്തമാക്കാനുള്ള ഏറ്റവും നല്ല മാർഗം
സ്പോഞ്ചിൽ ബാക്ടീരിയ ഉണ്ടാകുന്നത് തടയാൻ സ്പോഞ്ചുകൾ മൈക്രോവേവ് ചെയ്യുകയോ തിളപ്പിക്കുകയോ അല്ലെങ്കിൽ നേർപ്പിച്ച ബ്ലീച്ചിന്റെ ലായനിയിൽ കുതിർത്ത് ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ആണ് പലരും ശുപാർശ ചെയ്യുന്നത്. ഇത് പൂർണമായും സ്പോഞ്ചിനെ അണുവിമുക്തമാക്കുന്നില്ലെങ്കിലും ബാക്ടീരിയകളുടെ എണ്ണത്തിൽ 99.9 ശതമാനത്തിൽ കൂടുതൽ കുറവ് വരും.
നനഞ്ഞ സ്‌പോഞ്ച് മൈക്രോവേവ് ചെയ്യുന്നത് അതിനുള്ളിൽ നീരാവി ഉത്പാദിപ്പിക്കുകയും ബാക്ടീരിയകളെ നശിപ്പിക്കാൻ ആവശ്യമായ ചൂട് സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു മിനിറ്റ് നേരം ഇത് മൈക്രോവേവ് ചെയ്യുക. അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളം നിറച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക, അതുമല്ലെങ്കിൽ ബ്ലീച്ച് ലായനിയിൽ അഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. മെറ്റൽ അടങ്ങിയിട്ടുള്ള സ്പോഞ്ച് ആണെങ്കിൽ മൈക്രോവേവ് ചെയ്യാതിരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...