എന്റെ പെണ്ണുങ്ങളേ, നിങ്ങളിനിയും മെന്‍സ്ട്രല്‍ കപ്പ് വച്ച് തുടങ്ങിയില്ലേ....? വേഗം അതിലേക്ക് മാറിക്കോളൂ

പാഡിൽ നിന്നും കപ്പിലേക്ക് മാറാതിരിക്കാൻ മിക്ക ആളുകളെയും പോലെ ഒരുപാട് സംശയങ്ങളും ചെറിയ പേടിയുമൊക്കെ എനിക്കുമുണ്ടായിരുന്നു

Written by - Zee Malayalam News Desk | Edited by - M Arun | Last Updated : Apr 13, 2022, 04:34 PM IST
  • സുഹൃത്തുക്കൾക്കും ഭാര്യക്കും മക്കൾക്കും അങ്ങനെ എല്ലാവർക്കും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് പറഞ്ഞു കൊടുക്കണം
  • ഒരു മെന്‍സ്ട്രല്‍ കപ്പ് വാങ്ങിയാൽ ഏകദേശം മൂന്ന് മുതൽ നാല് വർഷം വരെ ഉപയോഗിക്കാൻ കഴിയും
  • ഇത്രയധികം ഫ്രീയായി എന്റെ പീരിയഡ് ഡേയ്‌സ് കടന്നു പോയിട്ടില്ല
എന്റെ പെണ്ണുങ്ങളേ, നിങ്ങളിനിയും മെന്‍സ്ട്രല്‍ കപ്പ് വച്ച് തുടങ്ങിയില്ലേ....? വേഗം അതിലേക്ക് മാറിക്കോളൂ

തൻറെ ആദ്യ മെൻസ്ട്രൽ കപ്പ് അനുഭവം പങ്ക് വെക്കുകയാണ് മാധ്യമ വിദ്യാർഥിനി കൂടിയായ അഞ്ജലി രാജ്

അഞ്ജലി പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. നിരവധി വീഡിയോസ് കണ്ടു, പലരുടെയും എഴുത്തുകൾ വായിച്ചു. എന്നിട്ടും പാഡിൽ നിന്നും കപ്പിലേക്ക് മാറാതിരിക്കാൻ മിക്ക ആളുകളെയും പോലെ ഒരുപാട് സംശയങ്ങളും ചെറിയ പേടിയുമൊക്കെ എനിക്കുമുണ്ടായിരുന്നു. ഇൻസർട്ട് ചെയ്യുന്നതിൽ തുടങ്ങി ഉള്ളിലേക്ക് കയറിപോവില്ലേ എന്ന് വരെ എത്തി നിൽക്കുന്ന സംശയങ്ങളുടെ നീണ്ട നിര തന്നെ. ഒടുവിൽ പ്രസ്സ് ക്ലബ്ബിൽ നിന്നും പരിചയപ്പെട്ട എന്റെ എല്ലാമെല്ലാമായ തുഷാര പ്രമോദ്  എനിക്കായി റെക്കമൻറ് ചെയ്തു മെന്‍സ്ട്രല്‍ കപ്പ്.

ഒരുപാട് കാര്യങ്ങൾ കപ്പിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ഉപയോഗിച്ച ഒരാളെയും നേരിട്ട് പരിചയമില്ലായിരുന്നു. അവളെന്നെ കയ്യോടെ കടയിൽ കൊണ്ടുപോയി കപ്പ് വാങ്ങിപ്പിച്ചു. കൂടെയുള്ള എൻ പോരാളിയെ മറക്കക്കൂടാത്.. ഗോകുൽ കെ വേണുഗോപാൽ കൂട്ടുകാരാ.കപ്പ് ഉപയോഗിച്ചതിന് ശേഷമുള്ള അവളുടെ അനുഭവങ്ങളും മാറ്റങ്ങളും കേട്ടപ്പോൾ എനിക്ക് ആവേശമായി. ശരിക്കും പറഞ്ഞാൽ അമിതാവേശം തന്നെ. എങ്ങനെയെങ്കിലും ഹോസ്റ്റലിലെത്തണം, കപ്പ്‌ വയ്ക്കണം. മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. ഹോസ്റ്റലിൽലെത്തി ടോയ്ലറ്റിലേക്ക് ഒരോട്ടമായിരുന്നു. തുഷാരയുടെ നിർദ്ദേശപ്രകാരം ഒരു ധൈര്യത്തിന് ഫോണും കയ്യിലെടുത്തു. ഹോസ്റ്റലിലെ കോമൺ ബാത്രൂം ആ ചരിത്രനിമിഷത്തിനായി ഞാൻ തിരഞ്ഞെടുത്തു.

സ്റ്റെർലൈസ് ചെയ്ത മെന്‍സ്ട്രല്‍ കപ്പ് ഇൻസർട്ട് ചെയ്യുന്നതിന് തൊട്ടുമുൻപ് ഒരിക്കൽ കൂടി അവളെ വിളിച്ചു. എല്ലാവിധ സപ്പോർട്ടും ധൈര്യവും വീണ്ടും ആവോളം കിട്ടി.
അവളെന്നോട് "അഞ്ചു.. പേടിക്കാനൊന്നുമില്ല, ടെൻഷൻ അടിക്കേണ്ട കൂൾ ആയിട്ട് ചെയ്യ്" ഇന്നും കപ്പ്‌ ഉപയോഗിക്കുന്ന ഓരോ തവണയും ഒരു മുഴക്കം പോലെ എനിക്കത് കേൾക്കാം..
അവസാനം ഞാനാ ഉദ്യമത്തിലേക്ക് കടന്നു.

രക്ഷയില്ല.. ഇൻസർട്ട് ആവുന്നില്ല. പൂർവാധികം ആത്മവീര്യമെടുത്ത് ഞാൻ വീണ്ടും ട്രൈ ചെയ്തു. ഒരു നടയ്ക്കും കപ്പ്‌ അടുക്കുന്നില്ല. എനിക്കാണെങ്കിൽ വാശിയായി. 'എന്താ എനിക്ക് മാത്രം ഇൻസർട്ട് ആവാത്തത്?' എന്നൊക്കെയോർത്ത് ഞാനാകെ ഡൗണായി. വീണ്ടും തുഷാരയെ വിളിച്ച് നടക്കുന്നില്ലെന്നും പറഞ്ഞ് മോങ്ങലായി. "സാരല്ല അഞ്ചു.. നീ ട്രൈ ചെയ്യ്, ആദ്യം എല്ലാർക്കും ഇങ്ങനെയാ.." പാവം എന്നെ സമാധാനിപ്പിക്കാൻ കുറെ ബുദ്ധിമുട്ടി. വീണ്ടും ട്രൈ ചെയ്ത് ഒടുവിൽ ഇൻസർട്ട് ആയി ''ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ..."
പക്ഷേ..!

menstraul cup

തീർന്നില്ല.. ടാസ്ക് ഇനിയുമുണ്ട്. ഫോൾഡ് ചെയ്താണ് ഇൻസർട്ട് ചെയ്യുക. കപ്പ് ഓപ്പൺ ആവണം.  അതിന്റെ നടപടി ക്രമങ്ങളും പരിശോധിച്ച് ഉറപ്പ് വരുത്തി.
അപ്പോഴതാ പുറത്ത് നിന്ന് ദൃശ്യയുടെ വിളി.. ഞാൻ ജീവനോടെ ഉണ്ടോന്ന് അറിയാനുള്ള ടെസ്റ്റിംഗ് ആയിരുന്നു. കോമൺ ടോയ്ലറ്റ് ആണ് ഏകദേശം ഒരുമണിക്കൂറോളം ഞാൻ അതിനുള്ളിലായിരുന്നു.

അങ്ങനെ വിജയശ്രീലാളിതയായി പുറത്തുവന്ന് തുഷാരയെ വിളിച്ചു. എല്ലാം സെറ്റ്. നെറ്റ് ഓൺ ആക്കിയപ്പോൾ whatsapp നിറയെ കൂട്ടുകാരന്റെ മെസ്സേജുകളും മെന്‍സ്ട്രല്‍ കപ്പ് അനുബന്ധ പോസ്റ്റുകളും.  അവനെ വിളിച്ചു 'മിഷൻ സക്സസ്' കഥ മൊത്തം വിളമ്പി ഫോൺ കട്ട്‌ ചെയ്ത് റൂമിൽ പോയി കിടന്നു.കുറച്ചു സമയം കിടന്നപ്പോൾ എന്തൊക്കെയോ ബുദ്ധിമുട്ട്. ആദ്യം വിചാരിച്ചു പുതിയ ഒരു സാധനം ശരീരത്തിലുള്ളത് കൊണ്ടും ആദ്യത്തെ തവണയായത് കൊണ്ടൊക്കെയാവും എന്നൊക്കെ. പക്ഷേ ഇതെന്തോ വല്ലാത്ത ഫീലായി. നേരെ ടോയ്ലറ്റിൽ ചെന്നു. റിമൂവ് ആക്കി നോക്കിയപ്പോൾ കപ്പ്‌ ഓപ്പൺ ആയിട്ടില്ല.

വീണ്ടും സങ്കടം തന്നെ. തുഷാരേന്നും വിളിച്ചു വീണ്ടും മോങ്ങി.."സാരല്ല അഞ്ചു.. നീ കുറച്ചുനേരം കഴിഞ്ഞ് ഒന്നൂടെ നോക്ക്. അതും നടന്നില്ലെങ്കിൽ നാളെ ചെയ്യാം" എന്റെ തുഷു 
പിന്നേം ശ്രമിച്ചു. നേരത്തെ ഇൻസർട്ട് ആയ കപ്പ് ഇത്തവണ ഒരു കണക്കിനും അടുക്കുന്നില്ല.
വാശിയാണ് സാറേ ഇവളുടെ മെയിൻ.

ഇല്ല, പറ്റുന്നില്ല. ഒരു രക്ഷയുമില്ല. ആകെ ഡൗണായി. ഇനിയെനിക്ക് എന്തേലും കുഴപ്പം കാണുമോ എന്ന് വരെ ചിന്തിച്ചു. എന്റെ ചിന്ത പോണ പോ..ക്കേ... പക്ഷേ ഞാൻ മുന്നോട്ട് വച്ച കാല് പിന്നോട്ട് വയ്ക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പിറ്റേന്ന് പുലർച്ചെ എണീറ്റ് വീണ്ടും ശ്രമിക്കാമെന്ന് ദൃഢനിശ്ചയമെടുത്ത് റൂമിൽ പോയി.പാഡിൽ നിന്ന് രക്ഷപ്പെടാൻ കപ്പ്‌ വാങ്ങിയപ്പോൾ വീണ്ടും പാഡ് വയ്ക്കേണ്ടി വന്ന ദാറ്റ്‌ ഗതികെട്ട മൊമന്റ്..മൊത്തത്തിൽ ദേഷ്യം, സങ്കടം ഒക്കെ വന്ന് ചടച്ചു. പിറ്റേന്ന് രാവിലെ ആറുമണി കാണാത്ത ഞാൻ ആറ് മണിക്ക് തന്നെ അലാറം വച്ച് എണീറ്റു. ഇല്ല, പറ്റുന്നില്ല. അതേ അവസ്ഥ. ഇൻസർട്ട് ആവുന്നില്ല.

ഞാനാകെ തളർന്നു. പ്രസ്സ് ക്ലബ്ബിൽ ചെന്ന് തുഷാരയേ കണ്ട് എനിക്കെന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്കവൾ അവളുടെ അനിയത്തിയെ ഫോണിൽ വിളിച്ചുതന്നു. 
ഹാവൂ.. അവൾക്കും ഇതേ അവസ്ഥയായിരുന്നു. ഞാനെന്നെത്തന്നെ സമാധാനപ്പെടുത്തി. ഹോസ്റ്റലിലെ ടോയ്ലറ്റ് ആയത് കൊണ്ട് അടുത്ത പീരിയഡിന് വീട്ടിൽ പോയി എന്റെ മുറിയിൽ എന്റെ ടോയ്ലറ്റിൽ സ്വസ്ഥതയോടെ ഉദ്യമം ആവർത്തിക്കാമെന്ന് മനസിലുറപ്പിച്ചു. 

പിന്നീടങ്ങോട്ട് ദിവസങ്ങൾ എണ്ണലായി. ഒടുവിൽ ഭാഗ്യം പോലെ  വെള്ളിയാഴ്ച തന്നെ പീരിയഡ് ആയി. അടുത്ത ദിവസമാണെങ്കിൽ രണ്ടാം ശനിയും. കപ്പും പാക്ക് ചെയ്ത് വിട്ടു ഞാൻ വീട്ടിലോട്ട്.അങ്ങനെ തീരുമാനിച്ചുറപ്പിച്ചത് പോലെ 'എന്റെ വീട്ടിലെ എന്റെ ടോയ്‌ലറ്റിൽ' നടന്ന ഒന്നരമണിക്കൂറിലെ ജീവന്മരണ പോരാട്ടത്തിനൊടുവിൽ
ഞാൻ വിജയിച്ചു ഗൂയ്‌സ് വിജയിച്ചു.

menstraul cup

ആ സന്തോഷം ഞാനെന്റെ പ്രിയപ്പെട്ട എല്ലാവരെയും മെസ്സേജ് അയച്ചും വിളിച്ചും അറിയിച്ചു.പീരിയഡ് എന്നെ സംബന്ധിച്ച് വലിയൊരു കടമ്പയാണ്. സഹിക്കാൻ പറ്റാത്ത വേദനയും വിമ്മിഷ്ടവും മൂഡ് സ്വിങ്ങ്സും ഓവർ ഫ്ലോയും ഒക്കെയായി ആദ്യ രണ്ട് വിജ്രംഭിച്ച ദിനങ്ങൾ കടന്നുപോകൽ ബുദ്ധിമുട്ടാണ്. പിന്നീടുള്ള ദിവസങ്ങൾ കുഴപ്പമൊന്നുമുണ്ടാവാറില്ല.
ഇനിയൊരല്പം സീരിയസ് ആവാം!

ഞാനിപ്പോൾ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് നാലാമത്തെ മാസമായി. ഇതിന് മുമ്പ് ഇത്രയധികം ഫ്രീയായി എന്റെ പീരിയഡ് ഡേയ്‌സ് കടന്നു പോയിട്ടില്ല. ശരിക്കും  നല്ലൊരു അനുഭവമാണ് കപ്പ് എനിക്കുതന്നത്. ഇടയ്ക്ക് വരുന്ന വേദന മാറ്റിനിർത്തിയാൽ പീരിയഡ് ആണെന്ന തോന്നൽ പോലും ഇപ്പോൾ തോന്നാറില്ല. റിമൂവ് ചെയ്ത് ബ്ലഡ്‌ കാണുമ്പോൾ ഉള്ളിലൊരു ആത്മസംതൃപ്തിയാണ്. അതുവരെ പാഡ് ഡിസ്പോസ് ചെയ്യുന്നതൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ശരിക്കും വെറുക്കുന്ന ദിവസങ്ങൾ തന്നെയാണ്. ഇന്നൊരു ടെൻഷനുമില്ല. ബ്ലഡ് ഡ്രെസ്സിലാവുമോ എന്ന ഭയം കൊണ്ട് ഒരുപാട് ശ്രദ്ധിച്ചിരിക്കേണ്ടി വരാറുമില്ല. 

ഈ ദിവസങ്ങളിൽ ഒരിടത്തും പോവാതെ നേരെ വീട്ടിലേക്ക് പോകുമായിരുന്നു. കൂടാതെ, കോളേജിൽ പഠിക്കുമ്പോൾ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് വെളിയിലിറങ്ങാൻ പോലും മടിയായിരുന്നു. ആ ദിവസങ്ങളിൽ വീട്ടിലെത്തുന്നത് വരെ ടോയ്ലറ്റിൽ പോവില്ലായിരുന്നു. ഏറ്റവും കഷ്ടം പാഡ് വയ്ക്കുമ്പോഴുള്ള ബുദ്ധിമുട്ടായിരുന്നു. ഒരു ദിവസം എനിക്ക് 4 മുതൽ 5 പാഡ് വരെ വേണമായിരുന്നു. ഇടയ്ക്കിടയ്ക്ക് മാറ്റാനുള്ള മടിയും. ആകെ വല്ലാത്ത അവസ്ഥ. ഇപ്പോൾ അതൊന്നും ആലോചിക്കാൻ പോലും വയ്യ. എത്ര എന്റെ നല്ല കാലം ഞാൻ കഷ്ട്ടപെട്ടു.

അതൊന്നും ഓർക്കാൻ പോലും ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല.മെന്‍സ്ട്രല്‍ കപ്പ് കൊണ്ട് ഒരുപാട് ഗുണമുണ്ട്. 8 മുതൽ 10 മണിക്കൂർ വരെ കപ്പ് വയ്ക്കാൻ കഴിയും. ദുർഗന്ധമോ ഒന്നും തന്നെയുണ്ടാവില്ല. ഹോസ്റ്റലിലായപ്പോളാണ് പാഡ് ഡിസ്പോസ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അറിയാൻ തുടങ്ങിയത്. ഒരു ദിവസം 4, 5 പാഡ് മാറ്റുന്ന എനിക്ക് സാമ്പത്തിക ഞെരുക്കം സംഭവിക്കുമെന്നത് ഉറപ്പായതായിരുന്നു.

ഒരു മെന്‍സ്ട്രല്‍ കപ്പ് വാങ്ങിയാൽ ഏകദേശം മൂന്ന് മുതൽ നാല് വർഷം വരെ ഉപയോഗിക്കാൻ കഴിയും. ഇപ്പോൾ ഒരൊറ്റ ദിവസം മാത്രമുണ്ടാവുന്ന വേദന മാറ്റി നിർത്തിയാൽ വേറെ ഒരു തരത്തിലുമുള്ള ആർത്തവ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നില്ല. ഞാനിപ്പോൾ എല്ലാ ദിവസത്തെയും പോലെ ഈ ദിവസവും പാറി നടക്കുവാണ്. സത്യത്തിൽ പാഡിന്റെ പരസ്യത്തിലെ പെൺകുട്ടികളൊക്കെ ഡാൻസ് കളിക്കുന്ന പോലെ തന്നെ. പാഡ് വച്ചിട്ട് എനിക്ക് ഒരു ഫ്രീഡവും ലഭിച്ചിട്ടില്ല. എനിക്കതെല്ലാം കിട്ടുന്നത് ഇപ്പോഴാണ്. മെൻസ്ട്രൽ കപ്പിന് നന്ദി. 

cup3

നിരവധി സ്ത്രീകൾ ഈ രീതിയിൽ ആർത്തവദിനങ്ങളിൽ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചിലർ വല്ലാതെ അവശരായി തളർന്നുപോവും. ഒരു പ്രശ്നവുമില്ലാതെ കൂളായി ഇരിക്കുന്നവരുമുണ്ട്. പലർക്കും പല അനുഭവങ്ങളാണ്.എന്റെ പെണ്ണുങ്ങളേ.. നിങ്ങളിനിയും മെന്‍സ്ട്രല്‍ കപ്പ് വച്ച് തുടങ്ങിയില്ലെങ്കിൽ വേഗം അതിലേക്ക് മാറിക്കോളൂ. ശരിക്കും സ്വാതന്ത്ര്യം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാവുക അപ്പോഴാണ്. ഇന്നുതന്നെ ഇത് പോസ്റ്റ് ചെയ്യാനൊരു കാരണം കൂടിയുണ്ട്.

ഇന്നൊരു പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. പീരിയഡ് ആയി എല്ലാം പോയി എന്ന് വിചാരിച്ചിരുന്നതാണ്. എന്നാൽ എന്റെ മെന്‍സ്ട്രല്‍ കപ്പിന്റെ വില ഞാനിന്നാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കിയത്. മണിക്കൂറുകളോളം വെള്ള ജീൻസും ടോപ്പും ഇട്ട് ഞാൻ കോൺഫിഡന്റ് ആയിനിന്നു.

എന്റെ എല്ലാ സുഹൃത്തുക്കളും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഭാര്യക്കും മക്കൾക്കും അങ്ങനെ എല്ലാവർക്കും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് പറഞ്ഞു കൊടുക്കണം. അത് വാങ്ങിക്കാനും ഉപയോഗിക്കാനുമുള്ള പിന്തുണയും നൽകണം. ആദ്യം ഞാൻ അനുഭവിച്ച പോലെയുള്ള ബുദ്ധിമുട്ടുകളുണ്ടാവും. അതെല്ലാം താൽക്കാലികമാണ്. ഉപയോഗിച്ച് ശീലമാവുമ്പോൾ ആർത്തവ ദിവസങ്ങളിൽ ഇതില്ലാതെ പറ്റാതെ വരും എന്ന് തീർച്ച. ഞാൻ ഗ്യാരണ്ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News