Karkkadaka Kanji: ഒരിക്കലെങ്കിലും കുടിക്കണം...ഇങ്ങനെയുണ്ടാക്കിയാൽ കർക്കടക കഞ്ഞി ബെസ്റ്റാ!

Recipie of Karkkadaka Kanji: കർക്കടക മാസത്തിൽ "മരുന്ന് കഞ്ഞി"ക്ക് ഗുണം വർദ്ധിക്കും. ഈ പ്രത്യേക ഭക്ഷണത്തിലൂടെ മഴക്കാലത്ത് ഉണ്ടാകുന്ന പല വ്യാധികളില് നിന്നും നമ്മുടെ ശരീരത്തിന് ഒരു രക്ഷയാണ് ലഭിക്കുന്നത്.     

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 02:51 PM IST
  • ചില പച്ചമരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ ഭക്ഷണം ഒരു വർഷകാലത്തേക്ക് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുമെന്നാണ് പൂർവ്വികർ പറയുന്നത്.
  • പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നു.
Karkkadaka Kanji: ഒരിക്കലെങ്കിലും കുടിക്കണം...ഇങ്ങനെയുണ്ടാക്കിയാൽ കർക്കടക കഞ്ഞി ബെസ്റ്റാ!

ശരീരം പുഷ്ടിപ്പെടുത്താനും ആരോ​ഗ്യ സംരക്ഷണത്തിനുള്ള കാര്യങ്ങൾ ചെയ്യാനും അനുയോജ്യമായ മാസമാണ് കർക്കടകം. പണ്ടുള്ള ആളുകൾ‌ പല തരത്തിലുള്ള കഷായങ്ങളും, മരുന്നുകളും കഴിക്കും. കൂടാതെ ഈ മാസത്തിൽ സാധാരണ കഴിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ ഭക്ഷണങ്ങൾ അവരുടെ നിത്യവിഭവങ്ങളിൽ ഉൾപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ഒരു വിഭവമാണ് കർക്കടക കഞ്ഞി. ചില പച്ചമരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ ഭക്ഷണം ഒരു വർഷകാലത്തേക്ക് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുമെന്നാണ് പൂർവ്വികർ പറയുന്നത്. 

പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നു. കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്. ഈ ഗൃഹ ഔഷധസേവ കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പ്രധാന ഉദ്ദേശം. ഏതു കാലത്തും ഈ കർക്കിടക കഞ്ഞി നമുക്ക് പാകം ചെയ്ത് കുടിക്കാവുന്നതാണ്. എങ്കിലും കർക്കടക മാസത്തിൽ "മരുന്ന് കഞ്ഞി"ക്ക് ഗുണം വർദ്ധിക്കും. പഞ്ഞമാസക്കാലത്തിൽ മാരിക്കൊപ്പം പല വ്യാധികളും നമ്മെ തേടിയെത്തും അവയിൽ നിന്നും ശരീരം സംരക്ഷിക്കുന്നതിനുള്ള രക്ഷയാണ് ഈ പ്രത്യേക ഭക്ഷണത്തിലൂടെ ലഭിക്കുന്നത്. ആ സമയത്ത് ശരീരത്തിന് ഉണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റാനാണ് ഈ രീതി പ്രയോഗിക്കുന്നത്.

ഞവര അരിയാണ് ഇതിൽ പ്രധാനം. ജീരകം ,തിരുതാളി ,ഉഴിഞ്ഞി ,ബല ,അതിബല ,ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ , കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി.അതിനൊപ്പം നാട്ടിൽ സുലഭമായി ലഭിക്കുന്ന ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കുന്നതോടെ കഞ്ഞിയുടെ രുചിയും ​ഗുണവും വർദ്ധിക്കും. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം എന്നാണ് പണ്ടുള്ള ആളുകൾ പറയുന്നത്. കഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ നിര്‍ബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടര്‍ന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കണം എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.

ALSO READ: വെള്ളയരിയോ ചുവന്ന അരിയോ നല്ലത്? നിങ്ങൾ ഏതാണ് കഴിക്കാറ്

കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം:

ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.

മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില - ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.

കുറുന്തോട്ടി - വേര് മാത്രം

ഉലുവ, ആശാളി ( അങ്ങാടി കടയിൽ ലഭിക്കും ) ഇവ പൊടിച്ചു ചേർക്കുക.

കക്കുംകായ - പരിപ്പ് ( അങ്ങാടി കടയിൽ കിട്ടും ),

ചെറുപയർ - പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30gm / 60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേര്‍ത്ത് കഴിക്കാം.

ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

മരുന്ന് കഞ്ഞി(കർക്കടക കഞ്ഞി) രാത്രിയിൽ ഒരു നേരമെങ്കിലും കഴിക്കണം. മരുന്ന്കിഴി ഒരു ദിവസം ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല. മുരിങ്ങയില, മത്സ്യ മാംസാദികൾ എന്നിവ ഇക്കാലത്ത് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കറികളിൽ ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.  വിശപ്പും ദാഹവും മാത്രമല്ല ഔഷധക്കഞ്ഞി ശരീരക്ഷീണവും ബലക്ഷയവും അകറ്റുന്നു. ദഹനശക്തിയെ ശരിയായി ക്രമീകരിക്കുന്നു. ഉദരസംബന്ധരോഗങ്ങളെ അകറ്റി മലശോധന ഫലവത്താക്കുന്നു. ഔഷധക്കഞ്ഞിക്ക് പനിയെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നും പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News