തിരുവനന്തപുരം: മൂന്ന് അത്യപൂർവ്വ റെക്കോർഡുകൾ 16-ാം വയസ്സിൽ സ്വന്തമാക്കി ഒരു പ്ലസ് വൺ വിദ്യാർഥിനി. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആർച്ചയാണ് അപൂർവ്വ നേട്ടത്തിനുടമയായിരിക്കുന്നത്. ഏറ്റവുമധികം യു.എൻ കോഴ്സുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റെക്കോർഡും ആർച്ചയ്ക്ക് സ്വന്തമാണ്. ലോക റെക്കോർഡും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും നേടിയാണ് ഈ കൊച്ചു മിടുക്കി നാട്ടിലെ താരമാകുന്നത്.
31 ദിവസം കൊണ്ടാണ് ആർച്ച് 153 കോഴ്സുകൾ പൂർത്തിയാക്കുന്നത്. തിരുവനന്തപുരം നന്ദൻകോട് സ്വദേശികളായ ഡോ.ജോമോൻ മാത്യു - ആശ ദമ്പതികളുടെ ഏക മകളാണ് ആർച്ച.
2020ൽ വിവിധ തരം കോഴ്സുകൾ പഠിക്കാൻ തുടങ്ങിയെങ്കിലും ഇതിനിടയിൽ എസ്എസ്എൽസി പരീക്ഷ വന്നതിനാൽ ഇടയ്ക്കൊന്നു മുടങ്ങിയെന്ന് ആർച്ച പറയുന്നു. പിന്നീട് വീണ്ടും ഇക്കൊല്ലം കൊവിഡ് കാലത്താണ് കൂടുതൽ കോഴ്സുകൾ പഠിച്ചു പൂർത്തിയാക്കിയത്. യുണീസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയവയുടെ കോഴ്സുകളാണ് പൂർത്തിയാക്കിയവയിലേറെയും. അധികവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള കോഴ്സുകളാണ് തിരഞ്ഞെടുത്തത്.
കോഴ്സുകളെല്ലാം പൂർത്തിയാക്കിയപ്പോൾ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് ലോക റെക്കോർഡിനായി ആർച്ച അപേക്ഷിക്കുന്നത്. അങ്ങനെയാണ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിന്റെ ഗ്രാൻഡ് മാസ്റ്റർ പദവി, യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ ഈ കൊച്ചു മിടുക്കിയെ തേടിയെത്തുന്നത്.
വിവിധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചെറുതായെങ്കിലും ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് 153 ഓളം കോഴ്സുകൾ പൂർത്തിയാക്കിയത്. അത്രയധികം ഇഷ്ടത്തോടെയും താല്പര്യത്തോടെയാണ് കോഴ്സുകൾ പൂർത്തിയാക്കിയതെന്നും ആർച്ച പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, പലായനം, യൂണിസെഫുമായി ബന്ധപ്പെട്ട കോഴ്സുകൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ ഊന്നൽ നൽകിയത്. സ്കൂളിലെ അധ്യാപകരും, വിദ്യാർഥികളും, അടുത്ത ബന്ധുക്കളും സഹപാഠികളുമെല്ലാം തന്നെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് ആർച്ച പറഞ്ഞു.
മകൾ ചെറുപ്പകാലം മുതൽക്കേ പ്രസംഗവേദികളിൽ സജീവമായിരുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ പഠന സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോഴ്സുകളെല്ലാം തിരഞ്ഞെടുത്തത് ആർച്ച ഒറ്റയ്ക്കാണെന്ന് അച്ഛൻ ഡോ.ജോമോൻ പറയുന്നു. ലോകാരോഗ്യസംഘടനയുടെയും യൂണിസെഫിൻ്റെയുമൊക്കെ വിവിധ സെക്ഷനുകളിൽ പങ്കെടുത്തിരുന്നു. മകളുടെ നേട്ടത്തിൽ അച്ഛൻ എന്ന നിലയ്ക്ക് തനിക്ക് അഭിമാനമുണ്ട്. കുടുംബം ആർച്ചയുടെ ഇഷ്ടങ്ങൾക്കൊപ്പം പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ടെന്ന് അമ്മ ആശയും പറയുന്നു.
വർക്കല ചെറുന്നിയൂർ സ്വദേശികളായ ആശയും ഡോ. ജോമോൻ മാത്യുവും നന്ദൻകോട് വൈ എം ആർ ജംഗ്ഷന് സമീപത്തെ 'പത്മശ്രീയി'ലാണ് ഇപ്പോൾ താമസം. ആർച്ചയുടെ അച്ഛൻ ഡോ. ജോമോൻ മാത്യു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ്. അമ്മ ആശ, വീട്ടമ്മയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.