നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കൊച്ചു കുട്ടികൾക്ക് ചിലപ്പോ പറ്റിയെന്ന് വരില്ല. കുട്ടികളിലെ നുണ പറച്ചിൽ അത്തരത്തിലുള്ള ഒരു ശീലമാണ്.തങ്ങളുടെ തെറ്റുകൾ മറയ്ക്കാനാണ് കുട്ടികൾ പലപ്പോഴും മാതാപിതാക്കളോട് കള്ളം പറയുന്നത്. ചെറിയ ചില പൊടിക്കൈകൾ കൊണ്ട് ഇത് മാറ്റിയെടുക്കാം.
നിങ്ങളാകണം മാതൃക
മാതാപിതാക്കളിൽ നിന്നാണ് കുട്ടികൾ നല്ലതും ചീത്തയുമായ ശീലങ്ങൾ പഠിക്കുന്നത് അപ്പോൾ നിങ്ങൾ തന്നെ കുട്ടികൾക്ക് മാതൃകയാവണം. കുട്ടികളുടെ മുന്നിൽ ഒരിക്കലും കള്ളം പറയാതിരിക്കുക. എപ്പോഴും സത്യം പറയാൻ തന്നെ കുട്ടികളെ ഉപദേശിക്കുക.
എല്ലാ തെറ്റിനും ശിക്ഷിക്കരുത്
ചെറിയ തെറ്റിന് പോലു കുട്ടികളെ ശിക്ഷിക്കുന്ന മാതാപിതാക്കളുണ്ട്. ഇത് പക്ഷെ കുട്ടികളിൽ ഭയം സൃഷ്ടിക്കുന്നു. അടി കിട്ടുമെന്നോ മറ്റ് പേടി ഉണ്ടായാൽ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ കുട്ടി കള്ളം പറയാൻ തുടങ്ങുന്നു. മറിച്ച് കുട്ടികൾ കള്ളം പറഞ്ഞതായി മനസ്സിലാക്കിയാൽ അവരെ ശിക്ഷിക്കുന്നതിന് പകരം, കള്ളം പറയാനുള്ള കാരണം കണ്ടെത്താൻ ശ്രമിക്കുക.
സത്യം പറയുന്നതിനെ അഭിനന്ദിക്കാം
കുട്ടികൾ എല്ലാം സത്യസന്ധമായി നിങ്ങളോട് പറയുകയാണെങ്കിൽ, സത്യം പറഞ്ഞതിന് അവരെ അഭിനന്ദിക്കാൻ മറക്കരുത്. ഇത് ഭാവിയിൽ സത്യം പറയാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അവർ നുണ പറയുന്നത് കുറയ്ക്കുകയും ചെയ്യും.
പിന്തുണക്കണം അവരെ
കുട്ടികൾ അവരുടെ പ്രശ്‌നങ്ങൾ നിങ്ങളുമായി പങ്കുവെക്കുമ്പോഴെല്ലാം, അവരുടെ തെറ്റിന് അവരെ ശാസിക്കുന്നതിന് പകരം, അവരോടൊപ്പം ഇരുന്ന് പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കുക. പിന്നീട് ഓരോ പ്രയാസസമയത്തും നിങ്ങളോട് സത്യം പറഞ്ഞ് സഹായം ചോദിക്കാൻ കുട്ടികൾ മടിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...