ഇന്ന് ആഗോളതലത്തിൽ പർപ്പിൾ ഡേ ആചരിക്കുകയാണ്. എല്ലാവർഷവും മാർച്ച് 26 നാണ് പർപ്പിൾ ഡേ ആചരിക്കുന്നത്. ന്യൂറോളജിക്കൽ രോഗമായ അപസ്മാരത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് പർപ്പിൾ ഡേയുടെ പ്രധാന ഉദ്ദേശം. അപസ്മാരം ഒരു കേന്ദ്ര നാഡീവ്യൂഹ വൈകല്യമാണ്. അപസ്മാരം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയാണ് ചെയ്യുന്നത്. 2008 മുതലാണ് പർപ്പിൾ ഡേ ആചരിക്കാൻ ആരംഭിച്ചത്. കാസിഡി മേഗൻ ആണ് 2008 മുതൽ അപസ്മാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പർപ്പിൾ ഡേ ആചരിച്ച് തുടങ്ങിയത്.
എന്താണ് അപസ്മാരം?
അപസ്മാരം ഒരു കേന്ദ്ര നാഡീവ്യൂഹ വൈകല്യമാണ്. അപസ്മാരം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു, അതിന്റെ ഫലമായി ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. ഏത് പ്രായത്തിലുമുള്ള ആളുകൾക്കും അപസ്മാരം ബാധിക്കാം. എന്നാൽ, ഇതിന്റെ രോഗാവസ്ഥകൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.
അപസ്മാരത്തിന്റെ കാരണങ്ങൾ എന്തൊക്കെ?
മസ്തിഷ്ക വൈകല്യങ്ങൾ: ബ്രെയിൻ ട്യൂമറുകൾ, ഡിമെൻഷ്യ, സ്ട്രോക്കുകൾ എന്നിവയും മറ്റ് മുൻകാല മസ്തിഷ്ക അവസ്ഥകളും കാരണം മസ്തിഷ്ക വൈകല്യങ്ങൾ വികസിച്ചേക്കാം. ഈ അസാധാരണ വസ്തുതകൾ ചില വ്യക്തികളിൽ അപസ്മാരത്തിന് കാരണമായേക്കാം.
ജനിതകശാസ്ത്രം: അപസ്മാരം പാരമ്പര്യമായും സംഭവിക്കുന്നതാണ്. അപസ്മാരമുള്ള കുടുംബ ചരിത്രമുണ്ടെങ്കിൽ അത് പാരമ്പര്യമായി സംഭവിക്കും. ചില തരത്തിലുള്ള ജീനുകൾ ഒരു വ്യക്തിയെ അപസ്മാരം വികസിപ്പിക്കുന്നതിനുള്ള ഉയർന്ന അപകടസാധ്യതയിലാക്കുമെന്ന് ഗവേഷകർ ചില തെളിവുകളിലൂടെ കണ്ടെത്തി.
മെസിയൽ ടെമ്പറൽ സ്ക്ലിറോസിസ്: മെസിയൽ ടെമ്പറൽ സ്ക്ലിറോസിസ് എന്നത് ടെമ്പറൽ ലോബിന്റെ ആന്തരിക ഭാഗത്ത് രൂപം കൊള്ളുന്ന ഒരു തരം വടുക്കളാണ്. ഇത് ഓർമ്മശക്തിയെ സാരമായി ബാധിക്കുന്നതിലേക്ക് നയിക്കും.
തലയ്ക്കേറ്റ പരിക്കുകളും മസ്തിഷ്ക തകരാറുകളും: മെനിഞ്ചൈറ്റിസ്, മസ്തിഷ്ക തകരാറുകൾ, മസ്തിഷ്ക ജ്വരം, അല്ലെങ്കിൽ മാരകമായ വീഴ്ച്ചകൾ, തലയിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ എന്നിവ അപസ്മാരത്തിന് കാരണമാകും.
സ്വയം രോഗപ്രതിരോധ രോഗങ്ങൾ: മസ്തിഷ്ക കോശങ്ങളെ ആക്രമിക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്ന സ്വയം രോഗപ്രതിരോധ രോഗങ്ങൾ ഒരു വ്യക്തിയിൽ അപസ്മാരം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയാകാം.
ഉപാപചയ വൈകല്യങ്ങൾ: മെറ്റബോളിക് ഡിസോർഡേഴ്സ് അല്ലെങ്കിൽ ട്യൂബറസ് സ്ക്ലിറോസിസ്, പോളിമൈക്രോജിറിയ തുടങ്ങിയ മസ്തിഷ്കത്തെ ബാധിക്കുന്ന ജനന വൈകല്യങ്ങൾ ഉള്ള ആളുകളിൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അപസ്മാരത്തിൻറെ ലക്ഷണങ്ങൾ എന്തൊക്കെ?
അപസ്മാരം ബാധിച്ച വ്യക്തിയുടെ പ്രധാന ലക്ഷണം ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് വിറയൽ ഉണ്ടാകുന്നതാണ്. എന്നാൽ, പലരിലും ഇത് വ്യത്യസ്ത രീതിയിലായിരിക്കും പ്രകടമാകുന്നത്. താൽകാലികമായി ബോധവും ചുറ്റുപാടിനെ സംബന്ധിച്ച അവബോധവും നഷ്‌ടപ്പെടുക, പേശികളുടെ വിറയൽ, അനിയന്ത്രിതമായ പേശി ചലനങ്ങൾ, ആശയക്കുഴപ്പം, ചിന്ത-സംസാരിക്കൽ-മനസ്സിലാക്കൽ എന്നിവയിലെ പ്രശ്നങ്ങൾ എന്നിവ അപസ്മാരത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഈ അവസ്ഥയുടെ മാനസിക ലക്ഷണങ്ങളിൽ ഡെജാ വു അനുഭവപ്പെടുക, ഉത്കണ്ഠ, ഭയം, എന്നിവയും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...