എല്ലാ വർഷവും നവംബർ പതിമൂന്നിന് വേൾഡ് കൈൻഡ്നെസ് ഡേ ആഘോഷിക്കുന്നു. സമൂഹത്തിലെ നല്ല പ്രവൃത്തികൾ ഉയർത്തിക്കാട്ടാൻ ആളുകളെ പ്രചോദിപ്പിക്കുന്ന പോസിറ്റീവ് വശങ്ങളും കാരുണ്യവും അടിസ്ഥാനപ്പെടുത്തിയാണ് ഈ ദിനം ആഘോഷിക്കുന്നത്. വംശം, മതം, രാഷ്ട്രീയം, ലിംഗഭേദം തുടങ്ങിയ വികാരങ്ങൾക്കപ്പുറമുള്ള മനുഷ്യാവസ്ഥയുടെ അടിസ്ഥാന ഘടകമാണ് ദയ എന്ന് ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
ലോക കാരുണ്യ ദിനം 2022: പ്രമേയം
2022 ലെ ലോക കാരുണ്യ ദിനത്തിന്റെ പ്രമേയം 'സാധ്യമാകുമ്പോഴെല്ലാം ദയ കാണിക്കുക' എന്നതാണ്. ദയ എന്നത് മികച്ചതും തിളക്കമുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കുന്ന ശക്തമായ ഒന്നാണ്. അതിനാൽ, സാധ്യമാകുമ്പോഴെല്ലാം നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് ദയ കാണിക്കുക.
ലോക കാരുണ്യ ദിനം2: ചരിത്രം
1997-ലെ ടോക്കിയോ കോൺഫറൻസിൽ ലോകമെമ്പാടുമുള്ള കാരുണ്യ സംഘടനകൾ സ്ഥാപിച്ച വേൾഡ് കൈൻഡ്നെസ് മൂവ്‌മെന്റ് ഓർഗനൈസേഷനാണ് 1998-ൽ ലോക കാരുണ്യ ദിനം ആരംഭിച്ചത്. 2019-ൽ, ഈ സംഘടന സ്വിസ് നിയമപ്രകാരം ഒരു ഔദ്യോഗിക എൻജിഒ ആയി രജിസ്റ്റർ ചെയ്തു. നിലവിൽ, ലോക കാരുണ്യ പ്രസ്ഥാനത്തിൽ ഒരു മതവുമായോ രാഷ്ട്രീയ പ്രസ്ഥാനവുമായോ ബന്ധമില്ലാത്ത ഇരുപത്തിയെട്ടിലധികം രാജ്യങ്ങൾ ഉൾപ്പെടുന്നു.
എല്ലാ വർഷവും നവംബർ പതിമൂന്നിന് ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്ര പരിപാടിയാണ് ലോക കാരുണ്യ ദിനം. 1998-ൽ ലോക കാരുണ്യ പ്രസ്ഥാനം സർക്കാരിതര സംഘടനകളുടെ കൂട്ടായ്മയിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ, നൈജീരിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കാരുണ്യ ദിനം ആഘോഷിക്കുന്നു. 2009-ൽ സിംഗപ്പൂരും ഇറ്റലിയും ഇന്ത്യയും ആദ്യമായി ലോക കാരുണ്യ ദിനം ആഘോഷിച്ചു.
ലോക കാരുണ്യ ദിനം: പ്രാധാന്യം
ലോക കാരുണ്യ ദിനം ആളുകളോട് ലളിതവും സൗമ്യവും സൗഹാർദവുമായ മനോഭാവത്തിൽ മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഒരു വ്യക്തിക്ക് ദയ കാണിക്കാനും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും നിരവധി മാർഗങ്ങളുണ്ട്. ഉദാഹരണത്തിന്, കഷ്ടകാലങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ അയൽക്കാരോട് ദയ കാണിക്കാൻ കഴിയും. അല്ലെങ്കിൽ പ്രായമായവരോട് ക്ഷമയും സഹാനുഭൂതിയും കാണിക്കുക. ഒരു ലളിതമായ സംഭാഷണത്തിനോ അല്ലെങ്കിൽ ഒരു സന്ദേശത്തിനോ ചിലപ്പോൾ ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും.
ലോക കാരുണ്യ ദിനം എങ്ങനെ ആഘോഷിക്കാം?
ലോക കാരുണ്യ ദിനത്തിൽ, വ്യക്തിപരവും സംഘടനാപരവുമായ തലങ്ങളിൽ സമൂഹത്തിൽ ദയയും അനുകമ്പയും പ്രചോദിപ്പിക്കുന്ന പ്രവൃത്തികൾ പ്രചരിപ്പിക്കാനും പ്രതിജ്ഞാബദ്ധമാക്കാനും ആളുകൾ പ്രതിജ്ഞയെടുക്കുന്നു. ഈ രീതിയിൽ, ലോക കാരുണ്യ ദിനത്തിന്റെ പ്രചാരണത്തിൽ ചേരുന്ന ഓരോ പങ്കാളിയും ഈ ലോകത്തെ മികച്ചതാക്കുന്നതിന് സംഭാവനകൾ നൽകുന്നു. നമ്മൾ മറ്റുള്ളവരോട് ദയ കാണിക്കുമ്പോൾ ആത്മസംതൃപ്തി ഉണ്ടാകുന്നു. 'ഒരു ചെറിയ ചിന്തയും ഒരു ചെറിയ ദയയും പലപ്പോഴും ധാരാളം പണത്തേക്കാൾ വിലയുള്ളതാണ്' ജോൺ റസ്കിൻ ദയയെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ നമുക്ക് ഓർക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...