ശരീരം എങ്ങനെയാണോ നമ്മള്‍ ആരോഗ്യത്തോടെ സംരക്ഷിക്കുന്നത് അതുപോലെ തന്നെ പല്ലുകളെയും ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നാം പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതിനെക്കാളും കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് പല്ല് ബ്രഷ് ചെയ്യുന്ന കാര്യത്തിലാണ്. രാവിലെയും രാത്രിയും പല്ല് ബ്രഷ് ചെയ്യണമെന്ന് ഡോക്ടർമാർ പറയാറുണ്ടെങ്കിലും അത് പാലിക്കുന്നത് വളരെ കുറച്ച് പേര്‍ മാത്രമായിരിക്കും. രണ്ട് നേരവും പല്ല് ബ്രഷ് ചെയ്യാതിരുന്നാൽ പല്ല് പൊട്ടാനും മറ്റ് അസുഖങ്ങളും ഉണ്ടാകാം.
ആരോഗ്യമുള്ള പല്ലുകൾക്കായി രണ്ടു നേരം പല്ലു തേയ്ക്കുന്നതിനൊപ്പം അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ജേണൽ ഓഫ് ദന്തൽ റിസര്‍ച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
മോണയിൽ അണുബാധ, പല്ല് വേദന, മോണയിൽ നീര്, വായ്നാറ്റാം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. രാത്രി ബ്രഷ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഉറങ്ങുന്നതിന് മുമ്പ് രാത്രിയിൽ പല്ല് തേയ്ച്ചില്ലെങ്കിൽ അണുക്കൾ ഉണ്ടാവുകയും പിന്നെ അത് മറ്റ് അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും.
കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്.
കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്. അത് പോലെ തന്നെ ചോക്ലേറ്റുകളും. ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേഗ് രൂപപ്പെടാനും അതുമൂലം കേടുവരാനുള്ള സാധ്യത ഏറെയാണ്.
ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.
പല്ലിന്‍റെ ആരോഗ്യത്തെ പ്രധാനമായി ബാധിക്കുന്ന ഒന്നാണ് സോഫ്റ്റ് ഡ്രിങ്ക്സ്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ്.
ഉരുളക്കിഴങ്ങു പൊരിച്ചു ഫ്രഞ്ച് ഫ്രെെസ് പോലുള്ളവ കഴിക്കുമ്പോൾ ശരീരഭാരം വര്‍ധിക്കുന്നത് മാത്രമല്ല അതോടൊപ്പം പല്ലിനു കേടുവരികയും ചെയ്യുന്നു. ഉരുളക്കിഴങ്ങില്‍ അന്നജം പഞ്ചസാരയായി മാറുകയും പല്ലിനടിയില്‍ പറ്റിയിരുന്നു കറ രൂപപ്പെടുകയും ചെയുന്നു.
പല്ലിന് കേട് വരാതിരിക്കാനും മോണരോഗങ്ങൾ അകറ്റാനും മീൻ കഴിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിനും കാത്സ്യവും ധാരാളം അടങ്ങിയ ഒന്നാണ് മീൻ. അതുപോലെ പല്ലിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഓറഞ്ച്.
ദിവസവും ഒരു ഒാറഞ്ച് വച്ചെങ്കിലും കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണ്. അത് പോലെ തന്നെ വെള്ളം ധാരാളം കുടിക്കുന്നത് പല്ലിന് ഏറെ നല്ലതാണ്. വായിലെ അണുക്കൾ നശിക്കാൻ ചെറുചൂടുവെള്ളം വളരെയധികം സഹായിക്കും.