ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങളായി വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചത് ആരോഗ്യസ്ഥിതി വഷളാക്കി.
കോവിഡ് ഭേദമായെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. അണുബാധ രൂക്ഷമായ സാഹചര്യത്തിൽ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, അവയവ ദാതാവിനെ ലഭിക്കാൻ വൈകി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി വീണ്ടും കൂടുതൽ വഷളാകുകയായിരുന്നു. 2009 ലാണ് മീനയും ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയർ രംഗത്തെ വ്യവസായിയായിരുന്ന വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിൽ നൈനിക അഭിനയിച്ചിരുന്നു.
ചലച്ചിത്ര താരം അംബിക റാവു അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
കൊച്ചി: ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. 58 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സില്‍ അംബിക റാവു അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും അംബിക റാവു പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന അംബിക റാവു ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷണയുടെ അസിസ്റ്റന്റ് ഡയറക്‌ടറായാണ് ചലച്ചിത്ര മേഖലയിൽ എത്തിയത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...