ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ അറസ്റ്റ് നേരിടാനൊരുങ്ങുന്ന മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത്.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നട്ടല്ലില്ലാത്ത ചില മാധ്യമങ്ങള്‍ എന്നിവയെ ഉപയോഗിച്ച് ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു. നിന്ദ്യമായ അധികാര ദുര്‍വിനിയോഗത്തെ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
നേരത്തെ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചിദംബരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണെന്ന് പ്രിയങ്ക പറഞ്ഞു. സത്യത്തിനായി പോരാടുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്ന നിലയില്‍ ദശാബ്ദങ്ങളോളം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരം. രാജ്യസഭയിലെ അങ്ങേയറ്റം യോഗ്യതയുള്ള, ആദരണീയനായ അംഗവുമാണ്. ഈ സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ച് അദ്ദേഹം നിസങ്കോചം സംസാരിച്ചുകൊണ്ടിരിക്കുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു.
എന്നാല്‍ സത്യം ഭീരുക്കള്‍ക്ക് അസ്വീകാര്യമാണ്, അതിനാല്‍ നാണംകെട്ട ഭീരുക്കള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. തങ്ങള്‍ അദ്ദേഹത്തോടൊപ്പമാണ്. എന്ത് അനന്തരഫലമുണ്ടായാലും സത്യത്തിനായി പോരാടുന്നത് തുടരുമെന്നും പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു.
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെയാണ് പി. ചിദംബരം അറസ്റ്റ് ഭീഷണിയിലായത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച ചിദംബരത്തിന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്.
എന്നാല്‍, ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ചിദംബരം എവിടെയാണെന്ന സൂചന പോലും ഇതുവരെ പുറത്തു വന്നിട്ടില്ല. ആറംഗ സിബിഐ സംഘം നിരവധി തവണ ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.