ഇന്ത്യാക്കാരുമായി വുഹാനില്‍ നിന്നും പുറപ്പെട്ട വിമാനം ഡല്‍ഹിയിലെത്തി

42 മലയാളികളടക്കം 324 അംഗ സംഘമാണ് ഡല്‍ഹിയില്‍ ഇറങ്ങിയത്. ചൈനയിലെ വുഹാനിൽ നിന്നും ഇവരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നലെയാണ് പുറപ്പെട്ടത്.   

Last Updated : Feb 1, 2020, 08:34 AM IST
  • 42 മലയാളികളടക്കം 324 അംഗ സംഘമാണ് ഡല്‍ഹിയില്‍ ഇറങ്ങിയത്.
  • ചൈനയിലെ വുഹാനിൽ നിന്നും ഇവരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നലെയാണ് പുറപ്പെട്ടത്.
  • 234 പുരുഷൻമാരും 90 സ്ത്രീകളുമടങ്ങുന്നതാണ് സംഘം.
ഇന്ത്യാക്കാരുമായി വുഹാനില്‍ നിന്നും പുറപ്പെട്ട വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി.

 

 

42 മലയാളികളടക്കം 324 അംഗ സംഘമാണ് ഡല്‍ഹിയില്‍ ഇറങ്ങിയത്. ചൈനയിലെ വുഹാനിൽ നിന്നും ഇവരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നലെയാണ് പുറപ്പെട്ടത്.

234 പുരുഷൻമാരും 90 സ്ത്രീകളുമടങ്ങുന്നതാണ് സംഘം. ഇതില്‍ 211 പേർ വിദ്യാർത്ഥികളും 3 കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രാ പ്രദേശിൽ നിന്നുള്ളവരാണ് കൂടുതൽ. 56 പേരാണ് ആന്ധ്രയിൽ നിന്നുള്ളത്. 53 പേര്‍ തമിഴ് നാട്ടിൽ നിന്നുള്ളവരാണ്.

ചൈനയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കാത്തവരെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യ ഇന്നലെ വൈകിട്ടാണ് വുഹാനില്‍ എത്തിയത്.

ശേഷം രാത്രി പതിനൊന്നു മണിയോടെ വിമാനം തിരിച്ചു. ചൈനയില്‍ നിന്നും കൊണ്ടുവന്നവരെ പ്രത്യേകം പാര്‍പ്പിക്കാന്‍ ഹരിയാനയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കിയിട്ടുണ്ട്.

വൈറസ്ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. അതിനായി ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബെയ്സ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

324 പേരെയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ 50 പേര്‍ക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കില്ലയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Trending News