ബന്ദും പ്രതിഷേധങ്ങളുമില്ലാതെ അമിത് ഷായുടെ രണ്ടാം ദിന സന്ദര്‍ശനം തുടരുന്നു

30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്രപ്രതിനിധി എത്തുമ്പോള്‍ വിഘടനവാദി സംഘടനകള്‍ കശ്മീരില്‍ ബന്ദ് പ്രഖ്യാപിക്കാത്തത്.    

Last Updated : Jun 27, 2019, 12:57 PM IST
ബന്ദും പ്രതിഷേധങ്ങളുമില്ലാതെ അമിത് ഷായുടെ രണ്ടാം ദിന സന്ദര്‍ശനം തുടരുന്നു

ശ്രീനഗര്‍: ബന്ദും പ്രതിഷേധങ്ങളുമില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം രണ്ടാം ദിനത്തിലേക്ക് കടന്നു. കേന്ദ്ര പ്രതിനിധി കശ്മീരില്‍ എത്തുമ്പോള്‍ ബന്ദ് പ്രഖ്യാപിക്കുകയെന്നത് വിഘടനവാദി സംഘടനകളുടെ പതിവാണ്. 

എന്നാല്‍ ഇക്കുറി അങ്ങനൊന്നും ഉണ്ടായിട്ടില്ലയെങ്കിലും വിഘടനവാദികളുടെ ഈ മൗനം ദുരൂഹത ഉയര്‍ത്തുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്രപ്രതിനിധി എത്തുമ്പോള്‍ വിഘടനവാദി സംഘടനകള്‍ കശ്മീരില്‍ ബന്ദ് പ്രഖ്യാപിക്കാത്തത്.  

സയിദ് അലി ഷാ ഗിലാനിയുടെയോ മിര്‍വൈസ് ഉമര്‍ ഫറൂഖിന്‍റെയോ നേതൃത്വത്തിലുളള ഹുറിയത്ത് കോണ്‍ഫറന്‍സ് വിഭാഗങ്ങളും ബന്ദിന് ആഹ്വാനം ചെയ്യുകയോ കേന്ദ്രവിരുദ്ധ പ്രസ്താവനകള്‍ പുറത്തിറക്കുകയോ ചെയ്തിട്ടില്ല. 

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 3ന് കശ്മീരില്‍ എത്തിയപ്പോള്‍ സംയുക്തബന്ദിന് സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നുവെന്നത് ശ്രദ്ധേയമാണ്.

വീരമൃത്യു വരിച്ച പോലീസുകാരന്‍ അര്‍ഷദ് ഖാന്‍റെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ അര്‍ഷദ് ഖാന്‍റെ കരണ്‍ നഗറിലെ വീട്ടിലെത്തി കുടുംബത്തെ അമിത് ഷാ ആശ്വസിപ്പിച്ചു. ജൂണ്‍ 12 ന് അനന്തനാഗില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ആണ് അര്‍ഷദ് ഖാന്‍ മരണമടഞ്ഞത്.

 

 

ഇന്നലെ നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുനന്തിനുള്ള പ്രത്യേക യോഗം. 

കശ്മീരിന്‍റെ വികസനം, അടിസ്ഥാനസൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം സംസ്ഥാനസര്‍ക്കാരുമായി അമിത് ഷാ ചര്‍ച്ച നടത്തി. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ നിലവിലെ സുരക്ഷാ ക്രമസമാധാന സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. 

 

 

കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനമാണിത്. 

Trending News