ന്യൂഡല്‍ഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ കണ്ടെത്തുന്നതിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി.
നീരവ് മോദി ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ ഉണ്ടെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ നടപടി. അമേരിക്കയിലെ മാൻഹട്ടനിലെ തന്റെ ഷോറൂമിൽ നിന്നും അധികം ദൂരത്തല്ലാത്ത ഹോട്ടലില്‍ നീരവ് മോദിയുണ്ടെന്നാണ് വിവരം.
നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹുൽ ചോസ്കിയുടെയും പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ പാസ്പോർട്ട് റദ്ദാക്കും.
രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പാണ് രത്നവ്യാപാരിയും ആഭരണ ഡിസൈനറുമായ നീരവ് മോദിയുടെ നേതൃത്വത്തില്‍ നടന്നത്. നീരവ് മോദിയും സഹോദരന് നിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടു. നീരവിന്റെ ഭാര്യ അമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും ബിസിനസ് പങ്കാളി മെഹുൽ ചോസ്കി അതിനുശേഷവുമാണ് ഇന്ത്യയില്‍ നിന്ന് കടന്നത്.