New Delhi: രാജ്യത്ത് കോവിഡ് (Covid 19) രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിദിന കണക്കുകൾ മൂന്ന് ലക്ഷം കടന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1.59 കോടി പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 2104 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ, ആശുപത്രി കിടക്കകൾ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗായ റംഡിസിവിർ (Remidisivir) എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. ഇതുവരെ 1.84 ലക്ഷം ആളുകൾ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് 2,97,430 ആണ്. ഇതിനെ കടത്തി വെട്ടി കൊണ്ടാണ് രാജ്യത്ത് 24 മണിക്കൂറിൽ 3.14 ലക്ഷം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ഓക്സിജന്റെ (Oxygen) ആവശ്യകത അടിയന്തരമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ഇന്നലെ അറിയിച്ചിരുന്നു.
കോവിഡ് രോഗബാധ അതിരൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ നൽകുന്നതിന്റെ അളവ് വർധിപ്പിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഹരിയാന, പഞ്ചാബ്, ആന്ധ്ര പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ഓക്സിജൻ അനുവദിച്ചിട്ടുള്ളത്.
ALSO READ: Maharashtra സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ
ഏപ്രിൽ 15 ന് ശേഷം രാജ്യത്ത് ദിനം പ്രതി 2 ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ദ്ധരുടെ കണക്കുകൾ അനുസരിച്ച് കോവിഡ് രോഗബാധയുടെ രണ്ടാം തരംഗം രാജ്യത്ത് ഇനിയും അതിന്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിട്ടില്ല. കേരളം (Kerala) ഉൾപ്പടെയുള്ള 5 സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്രയിൽ (Maharashtra) നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 67,468 പേർക്കാണ്. അത് കൂടാതെ സംസ്ഥാനത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണവും റെക്കോർഡിലേക്ക് കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 568 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
ALSO READ: ബംഗളൂരുവില്‍ കൊവിഡ് രൂക്ഷം; മൃതദേഹങ്ങൾ സംസ്കരിക്കാന്‍ ഇടമില്ല; സ്വകാര്യഭൂമിയിൽ അനുമതി നൽകി അധികൃതർ
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ (India) മാറിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന രാജ്യം അമേരിക്കയാണ്. നേരത്തെ ബ്രസീലായിരുന്നു രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...