സഹകരണ മേഖലയിലെ പ്രതിസന്ധി റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ തന്നെ സന്ദര്‍ശിച്ച എം.പിമാര്‍ക്കാണ് ധനമന്ത്രി ഈ ഉറപ്പ് നല്‍കിയത്.
മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരുടെ സംഘം ജെയ്റ്റ്‌ലിയെ കണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ അടിയന്തിരമായി ഇടപെടണമെന്ന് എം.പിമാര്‍ കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചു. ഈ വിഷയം ആര്‍ബിഐ ഗവര്‍ണറുമായി സംസാരിക്കാമെന്ന് ജയ്‌റ്റ്‌ലി ഉറപ്പ് നല്‍കി.
അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിന് സഹകരണ ബാങ്കുകളെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് എം.പിമാര്‍ ധനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയെ കാണാനും എം.പിമാരുടെ സംഘം ശ്രമിക്കുന്നുണ്ട്.