യാത്ര ടിക്കറ്റ് ഉണ്ടായിട്ടും യാത്രക്കാരന് യാത്ര നിഷേധിച്ച സംഭവത്തിൽ വിമാന കമ്പനി ഏഴ് ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് വിധി. എയർ ഇന്ത്യ യാത്രക്കാരന് യാത്ര അനുമതി നിഷേധിച്ചതിനെ തുടർന്ന് മകന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കോട്ടയം ജില്ലാ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചത്. ഉദയനാപുരം തെനാറ്റ് ആന്റണി എന്ന ആളാണ് യാത്ര അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചത്.
2018 ഓഗസ്റ്റ് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന ദിവസം തെനാറ്റ് ആന്റണി കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഓഗസ്റ്റ് 28 ന് തെനാറ്റ് ആന്റണിയുടെ മകന്റെ വിവാഹം ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ നിശ്ചയിച്ചിരിക്കുക ആയിരുന്നു. ഇതിൽ പങ്കെടുക്കാൻ വേണ്ടിയാണ് തെനാറ്റ് ആന്റണി ലണ്ടനിലേക്ക് പോകാൻ ഒരുക്കിയിരുന്നത്.
യുണൈറ്റഡ് കിങ്‌ഡത്തിൽ പെർമെനന്റ് റെസിഡൻസി പെർമിറ്റുള്ള വ്യക്തിയാണ് തെനാറ്റ് ആന്റണി. എന്നാൽ തെനാറ്റ് ആന്റണി രണ്ട് വര്ഷത്തിൽ കൂടുതൽ ബ്രിട്ടണിന് പുറത്തായിരുന്നു. ഈ കാരണം ചൂണ്ടി കാണിച്ചാണ് എയർ ഇന്ത്യ തെനാറ്റ് ആന്റണിക്ക് യാത്ര അനുമതി നിഷേധിച്ചത്. കൊച്ചിയിൽ നിന്ന് യാത്ര ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് ടിക്കറ്റ് എടുത്തെങ്കിലും അവിടെ നിന്നും സമാനമായ പ്രതികരണം തന്നെയാണ് ഉണ്ടായത്. തുടർന്ന് ആന്റണി കൊച്ചിയിലേക്ക് മടങ്ങിയെത്തി.
പിന്നീട് അടുത്ത ദിവസം കോഴിയിൽ നിന്ന് ഖത്തര്‍ എയര്‍വേയ്സ് വഴി ദോഹയിലേക്കും, തുടർന്ന് മാഞ്ചസ്‌റ്ററിലേക്കും എത്തിയ ആന്റണി അവിടെ നിന്ന് റോഡുമാര്‍ഗം ബര്‍മിങ്‌ഹാമിൽ എത്തുകയായിരുന്നു. എന്നാൽ ആന്റണി ബര്‍മിങ്‌ഹാമിൽ എത്തിയായപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് തന്നെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന എയർഇന്ത്യ കമ്പനിക്കെതിരെ ആന്റണി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...