New Delhi: മഹാത്മാഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്‍റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്ത മത നേതാവ് കാളീചരൺ മഹാരാജ് അറസ്റ്റിൽ...
ഹിന്ദു മത നേതാവിനെ ഛത്തീസ്ഗഡ് പോലീസ് മഹാരാഷ്ട്രയിലെ ഖജുരാഹോയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കാളീചരൺ മഹാരാജിനെതിരെയുള്ള ആരോപണം. ഇയാൾക്കെതിരെ റായ്പൂരിലെ തിക്രപാര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റ് റായ്പൂർ എസ്പി പ്രശാന്ത് അഗർവാൾ സ്ഥിരീകരിച്ചു. "മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് 25 കിലോമീറ്റർ അകലെ ബാഗേശ്വർ ധാമിന് സമീപമുള്ള വാടക വീട്ടിലായിരുന്നു കാളീചരൺ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ റായ്പൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ പോലീസ് സംഘം ഇയാളെ റായ്പൂരിൽ എത്തും", റായ്പൂർ എസ്പി പ്രശാന്ത് അഗർവാൾ പറഞ്ഞു.
കേസിനാസ്പദമായ സംഭവം നടക്കുന്നത് ഡിസംബർ 26 നാണ്. റായ്പൂരിൽ നടന്ന ഹൈന്ദവ സമ്മേളനത്തെ (Dharam Sansad) അഭിസംബോധന ചെയ്യവേ ആണ് മത നേതാവ് കാളീചരൺ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രശംസിക്കുകയും ഗാന്ധിജിയെ അപമാനിക്കുകയും ചെയ്തത്.
മതത്തെ സംരക്ഷിക്കാൻ ഉറച്ച ഹിന്ദു നേതാവിനെ സർക്കാർ തലവനായി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു, അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ എന്നും ഇയാള്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും തന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ തയ്യാറല്ലെന്ന് ഇയാള്‍ പ്രതികരിച്ചിരുന്നു. ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ധരം സൻസദിലെ പ്രസ്താവന വിവാദമായതിന് ശേഷവും കാളീചരൺ വിവാദ പ്രസ്താവന നടത്തുന്നത് തുടരുകയായിരുന്നു. പുതിയ ഒരു പ്രഭാഷണത്തില്‍ ഗാന്ധി രാജ്യത്തെ ചതിച്ചുവെന്നും, ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കായി എന്ത് ചെയ്തുവെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് ഞാന്‍ വിളിക്കില്ല. ഗാന്ധിയുടേയും നെഹ്റുവിന്‍റേയും രാഷ്ട്രീയം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ സുപ്പര്‍ പവര്‍ ആകുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.
സ്വാതന്ത്ര്യ സമര നേതാക്കളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസ്ദ്, തുടങ്ങിയവരുടെ തൂക്കുമരം ഗാന്ധിജിക്ക് ഒഴിവാക്കാമായിരുന്നുവെന്നും രാജ്യത്തിന്‍റെ സമാധാനത്തിനെതിരെ ആയിരുന്നു ഗാന്ധിയുടെ സമരമെന്നും ഇയാള്‍ പറയുന്നു.
അതേസമയം, സമാനമായ സംഭവം ഹരിദ്വാറിൽനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 17 മുതൽ 20 വരെ നടന്ന ഒരു മത സമ്മേളന പരിപാടിക്കിടെയാണ് ഇത്. മ്യാൻമറിൽ കാണുന്നതുപോലെ ഇന്ത്യയിലെ ഓരോ ഹിന്ദുവും ആയുധമെടുക്കണം എന്ന ആഹ്വാനത്തോടെയുള്ള വീഡിയോകള്‍ സോഷ്യൽ മീഡിയയിലും ചാനലുകളിലും പ്രചരിയ്ക്കുന്നുണ്ട്.
ആരോപണ വിധേയനായ വിവാദ മതനേതാവ് യതി നരസിംഹാനന്ദാണ് മൂന്ന് ദിവസത്തെ ഈ പരിപാടി സംഘടിപ്പിച്ചത്. മുൻ ഷിയ വഖഫ് ബോർഡ് ചെയർമാനും അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെയും ഉത്തരാഖണ്ഡ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...