New Delhi:പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ BJPയുടെ ഭാഗമായി.
മുന്‍ അസം മന്ത്രിയും ഗോലഘട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ അജന്ത നിയോഗും ലഖിപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ രാജ്ദീപ് ഗോവാലയുമാണ് ബിജെപി യില്‍ ചേര്‍ന്നത്.
അസം ബിജെപി അദ്ധ്യക്ഷന്‍ രഞ്ജിത് ദാസും സംസ്ഥാന ധനകാര്യ, വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും (Himanta Biswa Sarma) പങ്കെടുത്ത പരിപാടിയിലാണ് കോണ്‍ഗ്രസില്‍ നിന്നും (Congress) പുറത്താക്കപ്പെട്ട മുതിര്‍ന്ന എംഎല്‍എമാര്‍ BJPയില്‍ ചേര്‍ന്നത്. ഹെന്‍ഗ്രബാരിയിലെ ബിജെപി സംസ്ഥാന ഓഫീസില വച്ചായിരുന്നു എംഎല്‍എമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബോഡോലാന്റ് പീപ്പീള്‍സ് ഫ്രണ്ടില്‍നിന്ന് മുന്‍ എംഎല്‍എ ബനേന്ദ്ര കുമാര്‍ മുഷഹരിയും ബിജെപിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസില്‍ അച്ചടക്കമില്ലെന്നും പാര്‍ട്ടിയുടെ ദേശീയ നേതൃത്വം താഴെത്തട്ടുകളെ പരിഗണിക്കുന്നില്ലെന്നും BJPയില്‍ ചേര്‍ന്നശേഷം അജന്ത നിയോഗ് (Ajanta Neog) പറഞ്ഞു. കോണ്‍ഗ്രസ് ദിശാ ബോധമില്ലാത്ത പാര്‍ട്ടിയാണെന്നായിരുന്നു രാജ്ദീപ് ഗോവാലയുടെ (Rajdeep Gowala) പ്രതികരണം.
സംസ്ഥാനത്തെ രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയതിനാല്‍ അസമിലെ ബിജെപിക്ക് ഇന്ന് സന്തോഷദിനമാണെന്നായിരുന്നു വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്‍റെ കണ്‍വീനര്‍ കൂടിയായ ഹിമന്ത ബിശ്വ ശര്‍മ അഭിപ്രായപ്പെട്ടത്. മൂവരെയും അദ്ദേഹം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപിക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഇവരുടെ വരവ് സാഹിയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഡിസംബര്‍ 25നാണ് കോണ്‍ഗ്രസ് അജന്ത നിയോഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ബിജെപി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം. ഗോലഘട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ അജന്ത നിയോഗ് അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തരുണ്‍ ഗോഗോയിയുടെ മന്ത്രിസഭയില്‍ നിരവധി സുപ്രധാന വകുപ്പുകളും അവര്‍ കൈകാര്യം ചെയ്തിരുന്നു.
Also read: പശ്ചിമ ബംഗാളില്‍ BJPയുടെ താരമാവുമാവുമോ സൗരവ് ഗാംഗുലി? കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍....
ലഖിപൂര്‍ നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ രാജ്ദീപ് ഗോവാലയെ ഒക്ടോബര്‍ 9നാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍മാത്രം ശേഷിക്കെ അസമില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുകയാണ്. മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല എന്നത് പാര്‍ട്ടിയുടെ സംഘടനാതലതിലുള്ള പരിമിതികളാണ് ചൂണ്ടിക്കാട്ടുന്നത്.