ലോക്സഭ തിരഞ്ഞെടുപ്പ് 2019: ഭരണതുടര്‍ച്ച പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍!!

7 ഘട്ടങ്ങളിലായി നടന്ന സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയുമുള്‍പ്പെടെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി.

Last Updated : May 19, 2019, 07:46 PM IST
ലോക്സഭ തിരഞ്ഞെടുപ്പ് 2019: ഭരണതുടര്‍ച്ച പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍!!

ന്യൂഡല്‍ഹി: 7 ഘട്ടങ്ങളിലായി നടന്ന സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയുമുള്‍പ്പെടെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി.

ഇതോടെ വിജയം സംബന്ധിച്ച അനുമാനങ്ങളും (എക്സിറ്റ് പോള്‍) ആരംഭിച്ചു... 

ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷത്തിന് ഇത്തവണ നിരാശ തന്നെ ഫലം എന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. അതായത് എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണ തുടര്‍ച്ച തന്നെയാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. 

ചില പ്രമുഖ ചാനലുകളും വാര്‍ത്താ ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചുവടെ:

ന്യൂസ് എക്സ്: -

ബിജെപിക്ക് അനുകൂലമായാണ് ന്യൂസ് എക്സ് സർവേ ഫല൦. ബിജെപി സഖ്യ൦ 298, യുപിഎ 118, എസ്പി-ബിഎസ്പി സഖ്യ൦ 25, മറ്റുള്ളവർക്ക് 101 എന്നിങ്ങനെയാണ് പ്രവചനം. 

ടൈംസ് നൗ: -

എൻഡിഎയുടെ സര്‍വേ ഫലവും ബിജെപിയ്ക്ക് ഭരണതുടര്‍ച്ചയാണ് കാണിക്കുന്നത്. എൻഡിഎ 306 സീറ്റ് നേടും. 132 സീറ്റിൽ യുപിഎ ജയിക്കുമെന്നും 104 സീറ്റിൽ മറ്റുള്ളവർ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നത്.

റിപ്പബ്ലിക് ടിവി സി വോട്ടര്‍: -

ഇന്ത്യയിലെ ഏറ്റവും വലിയ എക്സിറ്റ് പോൾ എന്ന അവകാശവാദത്തോടെ രണ്ട് എക്സിറ്റ് പോളുകളാണ് റിപ്പബ്ലിക് ടിവി നടത്തിയത്. 
287 സീറ്റുകൾ നേടി നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി, സി വോട്ടറുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. യുപിഎ 128 സീറ്റുകളും ഉത്തർപ്രദേശിലെ എസ്‍പി-ബിഎസ്‍പി സഖ്യം 40 സീറ്റുകളും വിജയിക്കും. മറ്റുള്ളവർ 87 സീറ്റുകൾ നേടും. എൻഡിഎ 287, യുപിഎ 128, മറ്റുള്ളവർ 127 സീറ്റുകളിലും ജയിക്കും. 

300 സീറ്റുകളിലേറെ നേടി എൻഡിഎ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി-ജൻ കി ബാത്തുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. എൻഡിഎ 295 മുതൽ 305 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുപിഎ 122 മുതൽ 124 സീറ്റുകൾ വരെ നേടും. മഹാസഖ്യം 26 സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർ 87 സീറ്റുകൾ വരെ നേടുമെന്നും ജൻ കി ബാത്ത് പ്രവചിക്കുന്നു.

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്ത്യാ ടുഡെയും ടൈംസ് നൗവും പറയുന്നു. കേരളത്തിൽ യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ. ആകെയുള്ള 20 സീറ്റിൽ 15 മുതൽ 16 വരെ സീറ്റാണ് സർവേയിൽ യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി പരമാവധി അഞ്ച് സീറ്റ് വരെ മാത്രമേ നേടൂവെന്ന് സർവേ പറയുന്നു. ബിജെപിക്ക് കിട്ടാവുന്നത് പരമാവധി ഒരു സീറ്റാണെന്നും സർവേ പറയുന്നു. 

യുപിഎ സർക്കാരിനെതിരെ ശക്തമായ ജനവിരുദ്ധ വികാരം പ്രതിഫലിച്ച 2014ലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങിനെ:- 

സിഎൻഎൻ-സിഎസ്ഡിഎസ്-ലോക്‌നീതി സർവേ: യുപിഎ 92-102, എൻഡിഎ 270-282, മറ്റുള്ളവർ 125-171

ഇന്ത്യ ടുഡേ- സിസെറോ സർവേ: യുപിഎ 110-120, എൻഡിഎ 261-283, മറ്റുള്ളവർ 150-162

ന്യൂസ് 24-ചാണക്യ: യുപിഎ 61-79, എൻഡിഎ 326-356, മറ്റുള്ളവർ 122-144

ന്യൂസ് 24 ഉം ടുഡെയ്സ് ചാണക്യയും ചേർന്ന് നടത്തിയ സർവേ ഫല൦ യഥാർത്ഥ ഫലവുമായി കൂടുതൽ ചേർന്ന് നിന്നിരുന്നു. 

ഏകദേശം 40 ദിവസം നീണ്ട വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി.... ഇനി "എക്സിറ്റ് ഫല"ങ്ങളുടെ സമയം... സ്ഥാനാര്‍ഥികളും ചാനലുകളും വാര്‍ത്താ ഏജന്‍സികളും കൂട്ടിക്കിഴിക്കല്‍ നടത്തുന്ന സമയം... എന്നാല്‍ ശരിയായ ഫലം വോട്ടിംഗ് യന്ത്രത്തില്‍ ഭദ്രം... പെട്ടിതുറക്കുക 23ന്... കാത്തിരിക്കാം... അടുത്ത 5 വര്‍ഷത്തേയ്ക്കുള്ള നേതാവിനായി.... 

 

Trending News