സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് നാല് സൈനികരടക്കം ആറുപേര്‍ മരിച്ചു

ഹിമാലയന്‍ പര്‍വ്വത നിരയില്‍ പാക്‌ അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പെട്രോളിംഗില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്.  

Ajitha Kumari | Updated: Nov 19, 2019, 07:54 AM IST
സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് നാല് സൈനികരടക്കം ആറുപേര്‍ മരിച്ചു

സിയാച്ചിന്‍: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചു. 

നാലു സൈനികരും രണ്ട് പോര്‍ട്ടര്‍മാരുമാണ് (സൈന്യത്തിനു വേണ്ടി ചുമടെടുക്കുന്നവര്‍) മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ട്. 

കൂടാതെ ഏഴുപേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഇവരെ ആര്‍മി ആശുപതിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഹിമാലയന്‍ പര്‍വ്വത നിരയില്‍ പാക്‌ അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പെട്രോളിംഗില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ഹിമാലയന്‍ മലനിരയുടെ വടക്കന്‍ മേഖലയില്‍ 18,000 അടി ഉയരത്തിലാണ് സംഭവം.  

മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.

കരസേനയുടെ നേതൃത്വത്തില്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്ന സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലേയില്‍നിന്നുള്ള പോലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും.

മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് രക്ഷിച്ച സൈനികരെ ഹെലികോപ്റ്ററില്‍ സമീപത്തെ സൈനികാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. സമാന സംഭവത്തില്‍ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ട് പേരെ നേരത്തെ കാണാതായിരുന്നു.

1984 ല്‍ ഇന്ത്യ-പാക്‌ യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്. തണുപ്പുകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്.