രാജ്യത്ത് കോവിഡ് ബാധയും മരണ നിരക്കും വര്‍ദ്ധിക്കുന്നു... വിലയിരുത്താന്‍ വിദഗ്ധ സമിതി

രാജ്യത്ത് കോവിഡ്  ബാധിതരുടെ എണ്ണത്തില്‍ വന്‍  വര്‍ദ്ധനവ്‌. ഒപ്പം മരണ നിരക്കും ഉയരുന്നു... 

Last Updated : Jun 13, 2020, 05:04 PM IST
രാജ്യത്ത് കോവിഡ് ബാധയും മരണ നിരക്കും വര്‍ദ്ധിക്കുന്നു...  വിലയിരുത്താന്‍ വിദഗ്ധ സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്  ബാധിതരുടെ എണ്ണത്തില്‍ വന്‍  വര്‍ദ്ധനവ്‌. ഒപ്പം മരണ നിരക്കും ഉയരുന്നു... 

കഴിഞ്ഞ 10  ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം  കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വരെ 8884 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ജൂണ്‍ മാസം ആരംഭിച്ചതോടെ  കോവിഡ്  ബാധയിലുണ്ടായ വര്‍ദ്ധനവ്‌ ആരോഗ്യ മന്ത്രാലയത്തെ കൂടുതല്‍ ആശങ്കയിലാക്കിയിരിയ്ക്കുകയാണ്.  

കഴിഞ്ഞ  24 മണിക്കൂറിനിടെ 11,500   പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണിത്. മരണ നിരക്കുകൂടി  ഉയര്‍ന്നതോടെ സാഹചര്യം വിലയിരുത്താന്‍‌ ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു.  ഡൽഹി എയിംസ് ആശുപത്രി കേന്ദ്രീകരിച്ചാവും സമിതി പ്രവർത്തിക്കുക. മരണ നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാക്കാൻ ഓരോ സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.

Also read: ബുദ്ധിഭ്രമമുള്ളവര്‍ ഒരേകാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വ്യത്യസ്ത ഫലം അന്വേഷിക്കുന്നു....!! രാഹുല്‍ ഗാന്ധി

രാജ്യത്ത് ഇതുവരെ 3,08,993 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്.  ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് ഒരുലക്ഷം രോഗികളാകാന്‍ 100 ദിവസമെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിവസവും 9,000 ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിക്കുന്നത്.

രാജ്യത്ത് lock down ഇളവുകള്‍ നടപ്പിലാക്കുമ്പോഴും  കോവിഡ് രോഗികളുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. ഇന്ത്യയില്‍ ദിവസേന കൊവിഡ് കേസകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്പോർട്സ് കോംപ്ലക്സുകൾ അടക്കം കോവിഡ് കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള സമയം ഇനി ലഭിക്കില്ലെന്നുവരെ സൂചനകള്‍ പുറത്തു വരുന്നുണ്ട്. 

ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍  യുകെയും മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുന്നില്‍ അമേരിക്ക, യുഎസ്, റഷ്യ എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണുള്ളത്. റഷ്യയില്‍ നിലവില്‍ 4.93 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലില്‍ 7.72 കേസുകളും. അമേരിക്കയിലാവട്ടെ ലോകത്തെ ഏറ്റവും ഉയര്‍ന്ന കേസുകള്‍. 20 ലക്ഷത്തില്‍ കൂടുതല്‍!! 

മേയ് 24ന് ശേഷമാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. ഇതോടെയാണ് ഇന്ത്യ ലോക റാങ്കിംഗില്‍ 10 രാജ്യങ്ങള്‍ക്കുള്ളില്‍ ഉള്‍പ്പെട്ടത്. വെറും 18 ദിവസങ്ങള്‍ക്കുള്ളിലാണ്  ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്തെത്തിയത്. കോവിഡ് രൂക്ഷമായ ഇറ്റലിയെയും സ്‌പെയിനെയും ഇന്ത്യ നേരത്തെ മറികടന്നിരുന്നു.

അതേസമയം, രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്ന്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ICMR) അറിയിച്ചു. കോവിഡ് ബാധ മാസങ്ങള്‍ നീണ്ടുനില്‍ക്കും. ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും ഐസിഎംആര്‍ (ICMR) അറിയിച്ചു. 

Trending News